സ്വന്തം ലേഖകൻ: ജർമ്മൻ ഫുട്ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവർ അന്തരിച്ചു. 78-ാം വയസിലാണ് അന്ത്യം. കുറച്ചു വർഷങ്ങളായി ജർമ്മൻ ഇതിഹാസത്തെ ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നു. ഫിഫ ലോകകപ്പ് താരമായും പരിശീലകനായും ബെക്കൻബോവർ നേടിയിട്ടുണ്ട്. ജർമ്മനിയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ബെക്കൻബോവർ.
1974ൽ ജർമ്മനിയുടെ നായകനായും 1990ൽ പരിശീലകനായും ജർമ്മനിക്ക് ലോകകിരീടം നേടിക്കൊടുത്തു. പശ്ചിമ ജർമ്മനിയും കിഴക്കൻ ജർമ്മനിയും ഒന്നായ ശേഷമായിരുന്നു 1990ലെ കിരീട നേട്ടം. 1986ൽ പശ്ചിമ ജർമ്മനി ലോകകപ്പിന്റെ ഫൈനലിൽ എത്തിയെങ്കിലും അർജന്റീനയോട് പരാജയപ്പെട്ടു.
ജർമ്മൻ ക്ലബായ ബയേൺ മ്യൂണിക്കിന്റെയും താരമായിരുന്നു ബോവർ. 1972 മുതൽ തുടർച്ചയായി മൂന്ന് തവണ ബയേൺ മ്യൂണികിനെ ജർമ്മൻ ആഭ്യന്തര ഫുട്ബോളിന്റെ ചാമ്പ്യന്മാരാക്കി. ജർമ്മൻ കപ്പിലും ഇന്റർകോണ്ടിനൽ കപ്പിലുമാണ് ഇക്കാലത്ത് ബയേൺ മുത്തമിട്ടത്. 1964 മുതൽ 1977 വരെ ബയേണിൽ കളിച്ച ബെക്കൻബോവർ 400ലധികം മത്സരങ്ങളിൽ ജർമ്മൻ ക്ലബിന്റെ ഭാഗമായിട്ടുണ്ട്.
പിന്നാലെ 1974 മുതൽ തുടർച്ചയായി മൂന്ന് തവണ യൂറോപ്പ്യൻ കപ്പിൽ ബോവറിന്റെ ബയേൺ മുത്തമിട്ടിട്ടുണ്ട്. ‘കൈസർ’ (ചക്രവർത്തി) എന്നാണ് ഫുട്ബോൾ ലോകത്ത് ബോവർ അറിയപ്പെട്ടിരുന്നത്. പശ്ചിമ ജർമ്മനിക്കായി 104 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. കളിക്കളത്തിൽ ഡിഫൻസീവ് മിഡ്ഫീൽഡിന്റെ യജമാനൻ എന്നും ബോവർ അറിയപ്പെട്ടിരുന്നു.
ലിബറോ എന്ന പദം ഫുട്ബോളിന് നൽകിയതിന്റെ അംഗീകാരം ബോവറിനാണ്. പ്രതിരോധ നിരയിലേക്ക് എത്തുന്ന ഏത് പന്തും അവിടം കടന്നുപോകാതെ സൂക്ഷിക്കുകയാണ് ലിബറോയുടെ ഉത്തരവാദിത്തം. പരിശീലക കാലയളവിൽ 1993-94 സീസണിൽ ബയേൺ മ്യൂണികിനെ ബുണ്ടസ്ലീഗയിലും 1995-96ൽ യുവേഫ കപ്പിലും ചാമ്പ്യന്മാരാക്കിയിട്ടുണ്ട്.
1966ൽ 20 വയസ് മാത്രമുള്ളപ്പോൾ ജർമ്മനിയുടെ ദേശീയ ടീമിൽ ബെക്കൻബോവർ അരങ്ങേറി.1972ലും 76ലും ബലോൻ ദ് ഓർ പുരസ്കാരവും ബെക്കൻബോവർ നേടിയിട്ടുണ്ട്. 1977ൽ ബയേൺ വിട്ട ശേഷം ബോവർ ന്യൂയോർക്ക് കോസ്മെസിലും കളിച്ചിട്ടുണ്ട്. 1998ൽ ബോവർ ജർമ്മൻ ഫുട്ബോളിന്റെ വൈസ് പ്രസിഡന്റായി. പിന്നാലെ 2006ൽ ഫിഫ ലോകകപ്പ് വേദി ജർമ്മനിക്ക് നേടിക്കൊടുത്തു.
എന്നാൽ 2014ൽ ഫിഫയുടെ സസ്പെൻഷൻ ലഭിച്ചത് ബോവറിന്റെ കരിയറിന് തിരിച്ചടിയായി. 2018, 2022 ലോകകപ്പ് വേദികളിൽ കൃത്രിമത്വം നടന്നുവെന്ന ആരോപണത്തിനെതിരെയുള്ള അന്വേഷണത്തിൽ സഹകരിക്കാത്തതായിരുന്നു വിലക്കിന് കാരണം. 90 ദിവസത്തെ സസ്പൻഷനായിരുന്നു ലഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല