സ്വന്തം ലേഖകൻ: ഇന്ത്യന്‍ വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാകിസ്താന്‍ വിട്ടയച്ചത് ഇന്ത്യയുടെ തിരിച്ചടി ഭയന്നിട്ടെന്ന് മുന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ അജയ് ബിസാരിയ. അഭിനന്ദനെ വിട്ടുകിട്ടിയില്ലെങ്കില്‍ തിരിച്ചടിക്കാന്‍ ഇന്ത്യ ഒൻപത് മിസൈലുകള്‍ സജ്ജമാക്കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.
പുറത്തിറങ്ങാനിരിക്കുന്ന പുസ്തകമായ ‘ആംഗര്‍ മാനേജ്‌മെന്റ്: ദി ട്രബിള്‍ഡ് ഡിപ്ലോമാറ്റിക് റിലേഷന്‍സ് ബിറ്റ്‌വീന്‍ ഇന്ത്യ ആന്‍ഡ് പാകിസ്താന്‍’ എന്ന പുസ്തകത്തിലാണ് അജയ് ബിസാരിയയുടെ വെളിപ്പെടുത്തൽ. പുല്‍വാമ, ബാലകോട്ട് സംഭവങ്ങളുടെ സമയത്ത് പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറായിരുന്നു അദ്ദേഹം.
അഭിനന്ദനെ പാകിസ്താന്‍സൈന്യം പിടികൂടിയ ദിവസം രാത്രി ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന നയതന്ത്ര സംഭാഷണങ്ങളെപ്പറ്റിയുള്ള വെളിപ്പെടുത്തലും പുസ്തകത്തിലുണ്ട്. സമാധാനശ്രമമെന്ന നിലയ്ക്കാണ് അഭിനന്ദനെ വിട്ടയച്ചതെന്നാണ് പാകിസ്താന്റെ വിശദീകരണം.
എന്നാല്‍, അഭിനന്ദന് പരിക്കേറ്റാല്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് വിദേശരാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ പാകിസ്താന് മുന്നറിയിപ്പുനല്‍കി. ഇത് ഭയന്നാണ് അഭിനന്ദനെ വിട്ടയച്ചതെന്ന് പുസ്തകത്തിലുണ്ട്.
അഭിനന്ദന്‍ പിടിയിലായ ദിവസം പാകിസ്താന്‍ ഹൈക്കമ്മിഷണറായിരുന്ന സൊഹെയ്ല്‍ മുഹമ്മദ് ഫോണില്‍ ബന്ധപ്പെട്ടു. പ്രധാനമന്ത്രി ഇമ്രാന്‍ഖാന് മോദിയുമായി സംസാരിക്കാന്‍ അനുവാദംതേടി. എന്നാല്‍, മോദിയുമായി ഇമ്രാന് സംസാരിക്കാനായില്ല. എങ്കിലും തൊട്ടടുത്ത ദിവസം അഭിനന്ദനെ വിട്ടയക്കുന്ന കാര്യം ഇമ്രാന്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു.
പുല്‍വാമ വിഷയത്തില്‍ ഇന്ത്യ നല്‍കിയ മുന്നറിയിപ്പുകളില്‍ നടപടിയെടുക്കാനും പാകിസ്താന്‍ സന്നദ്ധത അറിയിച്ചെന്ന് അജയ് ബിസാരിയ വ്യക്തമാക്കി. അഭിനന്ദനെ വിട്ടയച്ചില്ലെങ്കില്‍ ഖതല്‍ കി രാത് (രക്തച്ചൊരിച്ചിലിന്റെ രാത്രി) സംഭവിക്കുമെന്നാണ് മോദി പറഞ്ഞതെന്നും അജയ് ബിസാരിയ പുസ്തകത്തില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല