സ്വന്തം ലേഖകൻ: ഏഷ്യൻ കപ്പിന് ടിക്കറ്റ് സ്വന്തമാക്കിയ ആരാധകർക്ക് അവ വിൽപന നടത്താനുള്ള സൗകര്യവുമായി ‘റീ സെയിൽ പ്ലാറ്റ്ഫോമിന് തുടക്കമായി. ടിക്കറ്റ് വിൽപനയുടെ ഔദ്യോഗിക പേജിൽ പ്രവേശിച്ച് ‘മൈ ഓർഡർ’ സെക്ഷൻ വഴി വിൽപന നടത്താവുന്നതാണ്. ഒരുതവണ റീസെയിൽ നൽകിക്കഴിഞ്ഞാൽ ടിക്കറ്റുകൾ തിരിച്ചെടുക്കാൻ സാധ്യമല്ല.
അതേസമയം, ഔദ്യോഗികമല്ലാത്ത മാർഗങ്ങളിലൂടെ ടിക്കറ്റ് വാങ്ങാനോ വിൽക്കാനോ ശ്രമിക്കരുതെന്ന് സംഘാടകർ മുന്നറിയിപ്പു നൽകി. ഇത്തരം സാഹചര്യങ്ങളിൽ ടിക്കറ്റുകൾ അറിയിപ്പില്ലാതെതന്നെ റദ്ദാക്കുന്നതാണ്. tickets.qfa.qa/afc2023 എന്ന ലിങ്ക് വഴി ആരാധകർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ടിക്കറ്റ് സ്വന്തമാക്കിയ ആരാധകർക്ക് ഡിജിറ്റൽ ടിക്കറ്റുകൾ ഡൗൺ ലോഡ് ചെയ്ത് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിന് ഉപയോഗപ്പെടുത്താം. അതേസമയം, സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ഹയ്യ ആവശ്യമില്ല.
എഎഫ്സി ഏഷ്യൻ കപ്പുമായി ബന്ധപ്പെട്ട് ലോകോത്തര നിലവാരത്തിലുള്ള മെഡിക്കൽ സേവനങ്ങൾ നൽകാൻ ഖത്തറിന്റെ കായിക ആശുപത്രിയായ ആസ്പതാർ സജ്ജം. ടൂർണമെന്റിനിടെ പരുക്കോ രോഗാവസ്ഥയോ സംഭവിക്കുന്ന കളിക്കാർക്ക് മികച്ച പരിചരണമാണ് നൽകുക.
ടൂർണമെന്റിലെ മെഡിക്കൽ കമ്മിഷന് നേതൃത്വം നൽകുന്നത് ആസ്പതാറിലെ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ഖാലിദ് അൽ ഖെലെയ്ഫി ആണ്. കഴിഞ്ഞ വർഷം ഖത്തർ ആതിഥേയത്വം വഹിച്ച ഫിഫ ലോകകപ്പിലും ഡോ. ഖാലിദിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് കളിക്കാർക്ക് സേവനങ്ങൾ നൽകിയത്.
ഏഷ്യൻ കപ്പിൽ കളിക്കാർ, മാച്ച് ഒഫീഷ്യൽസ്, ടീം ഡെലിഗേഷൻ എന്നിവർക്കായി ഇത്തവണ പ്രത്യേക സേവനങ്ങളാണ് നൽകുക. പോളിക്ലിനിക്, സ്വതന്ത്ര കൻകഷൻ അസസ്മെന്റ് സർവീസ്, 24 മണിക്കൂർ സ്പോർട്സ് കാർഡിയോളജി സർവീസ് തുടങ്ങി കളിക്കാരുടെ ക്ഷേമവും ആരോഗ്യവും ഉറപ്പാക്കുന്നതിനുള്ള അത്യാധുനിക സേവനങ്ങളാണുള്ളത്.
ഇത്തവണ എല്ലാ കളിക്കാർക്കും ദന്തപരിശോധനയും നൽകുന്നുണ്ട്. ടീമുകൾക്ക് ആസ്പതാർ സ്പോർട്സ് ഡെന്റൽ എമർജൻസി കിറ്റുകളും നൽകും. ഇവിടത്തെ റിക്കവറി സെന്റർ ടൂർണമെന്റിന്റെ ഫൈനൽ കഴിയുന്നതു വരെ സജീവമായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല