സ്വന്തം ലേഖകൻ: ക്രിസ്മസിനും പുതുവൽസരവും കഴിഞ്ഞതിനു പിന്നാലെ മഞ്ഞുവീഴ്ചയും അതിശൈത്യവും ബ്രിട്ടനിൽ ശക്തമായി. ഇന്നലെ ഉച്ചയോടെ ആരംഭിച്ച മഞ്ഞുവീഴ്ച വീണ്ടും രാജ്യത്തെയാകെ മഞ്ഞുപുതപ്പിനടിയിലാക്കി. സൗത്ത് ഈസ്റ്റ് ലണ്ടൻ, വെയിൽസ്, സ്കോട്ട്ലൻഡ്, നോർതേൺ അയർലൻഡ് എന്നിവിടങ്ങളിലാണ് മഞ്ഞുവീഴ്ച അതിരൂക്ഷമായി തുടരുന്നത്.
ഗതാഗത തടസം ഉൾപ്പെടെ ജനജീവിതം താറുമാറാക്കി തുടരുന്ന മഴയും കാറ്റും മഞ്ഞും ഈയാഴ്ച മുഴുവൻ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. സതേൺ ഇംഗ്ലണ്ടും സൗത്ത് വെയിൽസും യെല്ലോ അലേർട്ടിലാണ്. ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും പലഭാഗങ്ങളിലും താപനില മൈനസ് നാലുവരെയെത്തിപ്പോൾ സ്കോട്ട്ലൻഡിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില മൈനസ് എഴു ഡിഗ്രിയാണ്.
ലണ്ടൻ നഗരത്തിലെ 32 ബറോകളിലും അടിയന്തരമായ പദ്ധതികളിലൂടെ ഗതാഗത തടസവും മറ്റും ഒഴിവാക്കാൻ മേയർ സാദിഖ് ഖാൻ നിർദേശം നൽകിയിട്ടുണ്ട്. ഐസ് പാച്ചുകള്‍, ശൈത്യകാല മഴ, പൂജ്യത്തിന് അരികിലുള്ള താപനില എന്നിവയാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നത്.
ഇത് ഗ്രേറ്റര്‍ ലണ്ടന്‍, കെന്റ്, സറേ, ഈസ്റ്റ് സസെക്സ്, വെസ്റ്റ് സസെക്സ് എന്നിവിടങ്ങളിലെ റോഡ്, റെയില്‍ സേവനങ്ങളെ ബാധിച്ചിട്ടുണ്ട്. സസെക്സ് നോര്‍ത്ത് ഡൗണ്‍സ് ഉള്‍പ്പെടെ ചെറിയ പ്രദേശങ്ങളില്‍ 1 മുതല്‍ 3 സെന്റിമീറ്റര്‍ വരെ മഞ്ഞിനുള്ള സാധ്യത മുന്നറിയിപ്പിൽ ഉണ്ട്. ഇതിനിടെ നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്, വെസ്റ്റ് മിഡ്ലാന്‍ഡ്സ്, ഈസ്റ്റ് മിഡ്ലാന്‍ഡ്സ്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച ഉച്ചവരെ നീളുന്ന തണുപ്പ് മൂലമുള്ള ആംബര്‍ ആരോഗ്യ ജാഗ്രത മുന്നറിയിപ്പ് നിലവിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല