സ്വന്തം ലേഖകൻ: ബ്രിട്ടനുമായുള്ള പ്രതിരോധ മേഖലയിലെ തന്ത്രപരവും സുരക്ഷാപരവുമായ സഹകരണം വർധിപ്പിക്കൽ ലക്ഷ്യമിട്ട് ഇന്ത്യയുടെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം രാത്രി യുകെയിലെത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിന് എത്തിയ രാജ്നാഥ് സിങ് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ, പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്സ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
കൂടാതെ ലണ്ടനിലെ മഹാത്മാഗാന്ധി, ഡോ. ബി.ആർ.അംബേദ്കർ സ്മാരകങ്ങൾ സന്ദർശിക്കും. ഇന്ത്യൻ പ്രവാസി സമൂഹത്തെയും സന്ദർശിക്കും. ഒരു ഇന്ത്യൻ പ്രതിരോധ മന്ത്രി യുകെ സന്ദർശിക്കുന്നത് 22 വർഷങ്ങൾക്ക് ശേഷമാണെന്ന പ്രത്യേകതയും രാജ്നാഥ് സിങിന്റെ സന്ദർശനത്തിന് ഉണ്ട്. ഇന്ത്യയുടെ മൂന്ന് സേനാ വിഭാഗങ്ങളുടെയും ഡി.ആർ.ഡി.ഒ, ഡിഫൻസ് പ്രൊഡക്ഷൻ വിഭാഗങ്ങളിലെയും പ്രതിനിധികളുടെ ഉന്നതതല പ്രതിനിധി സംഘം ഒപ്പമുണ്ട്.
2022 ഏപ്രിലിൽ അന്നത്തെ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുണ്ടാക്കിയ ഇന്ത്യ, യുകെ പ്രതിരോധ പങ്കാളിത്തത്തിന്റെ തുടർച്ചയായാണ് രാജ്നാഥ് സിങിന്റെ സന്ദർശനം.കഴിഞ്ഞ സെപ്തംബറിൽ നടന്ന ജി 20 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയും ഋഷി സുനകുമായി നടത്തിയ ചർച്ചകൾക്കും തുടർച്ചയുണ്ടാകും.
യുകെയുമായി സൈനിക സഹകരണം ആഴത്തിലാക്കാനും ശക്തമായ പ്രതിരോധ വ്യാവസായിക പങ്കാളിത്തം രൂപപ്പെടുത്താനും സന്ദർശനം ലക്ഷ്യമിടുന്നു. റോൾസ് റോയിസ്, ജിഇ യുകെ, എംബിഡിഎ യുകെ എന്നിവയുമായുള്ള പ്രതിരോധ പദ്ധതികളും വിലയിരുത്തും.
ഇന്ത്യയുടെ ആത്മനിർഭർ പദ്ധതിയുടെ ഭാഗമായി പ്രതിരോധ സാമഗ്രികൾ തദ്ദേശീയമായി നിർമ്മിക്കാൻ യുകെയുടെ സാങ്കേതികവിദ്യാ കൈമാറ്റവും ആവശ്യപ്പെടും. യുകെയിലെ ഖാലിസ്ഥാൻ അനുകൂല അക്രമ സംഭവങ്ങളിൽ ഇന്ത്യയ്ക്കുള്ള ആശങ്കയും ബ്രിട്ടനെ രാജ്നാഥ് സിങ് നേരിട്ട് അറിയിക്കുമെന്നാണ് ലഭ്യമാകുന്ന സൂചനകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല