സ്വന്തം ലേഖകൻ: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഗുജറാത്തിലെത്തി. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ ഷെയ്ഖ് മുഹമ്മദിനെ ഊഷ്മളമായി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്താമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിൽ ഷെയ്ഖ് മുഹമ്മദ് പങ്കെടുക്കും.
ഷെയ്ഖ് മുഹമ്മദിന്റെ സാന്നിധ്യം വൈബ്രന്റ് ഗുജറാത്ത് നിക്ഷേപ സംഗമത്തെ കൂടുതൽ സവിശേഷമാക്കുമെന്നാണു കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷെയ്ഖ് മുഹമ്മദ് ചർച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ചയിരിക്കും ചർച്ച.
വിമാനത്താവളത്തിൽ നിന്നും മോദിക്കൊപ്പമായിരുന്നു ഷെയ്ഖ് മുഹമ്മദിന്റെ യാത്ര. യുഎഇ– ഇന്ത്യൻ പതാകകൾ വീശി ജനങ്ങൾ ഷെയ്ഖ് മുഹമ്മദിനെ അഭിവാദ്യം ചെയ്തു. അബുദാബി ഡപ്യൂട്ടി ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഷെയ്ഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെയുള്ള പ്രതിനിധി സംഘം ഷെയ്ഖ് മുഹമ്മദിനെ അനുഗമിക്കുന്നുണ്ട്.
‘എന്റെ സഹോദരാ ഇന്ത്യയിലേക്ക് സ്വാഗതം’. ഷെയ്ഖ് മുഹമ്മദിനെ ചേർത്തു പിടിച്ചുകൊണ്ടുള്ള ചിത്രം പങ്കിട്ട് മോദി സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചു. ഷെയ്ഖ് മുഹമ്മദിന്റെ സന്ദർശനം അംഗീകാരമാണെന്നും അദ്ദേഹം കുറിച്ചു.
പതിറ്റാണ്ടുകളായി ഊഷ്മള വ്യാപാര, നയതന്ത്ര ബന്ധം സൂക്ഷിക്കുന്ന ഇന്ത്യയും യുഎഇയും തമ്മിൽ സഹകരണം കൂടുതൽ മേഖലകളിലേക്ക് വികസിക്കുന്നതിന്റെ സാക്ഷ്യമായി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിലെ സാന്നിധ്യം. സാമ്പത്തിക, നിക്ഷേപ സഹകരണ രംഗത്ത് വൻ കുതിച്ചുചാട്ടം നടത്താൻ ഇന്ത്യക്കും യുഎഇക്കും സാധിച്ചതിന്റെ ഭാഗമായാണ് ഉച്ചകോടിയിലേക്ക് യുഎഇ പ്രസിഡന്റ് മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ടത്.
ഇന്ത്യയുടെ ഉല്പന്ന കയറ്റുമതിയില്‍ നല്ലൊരു പങ്കും യുഎഇയിലേക്കാണെത്തുന്നത്. ഇരു രാഷ്ട്രങ്ങളും തമ്മിലെ വ്യാപാരബന്ധത്തിന് കരുത്തുപകരുന്ന ഒട്ടേറെ കരാറുകളും ധാരണകളും മുമ്പുതന്നെ ഒപ്പുവെച്ചിട്ടുണ്ട്.
സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ (സെപ) എന്ന 2022 ഫെബ്രുവരി 18ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശൈഖ് മുഹമ്മദും പങ്കെടുത്ത വെര്‍ച്വല്‍ ഉച്ചകോടിയില്‍ ഒപ്പുവെച്ച കരാര്‍ നിലവില്‍വന്നതിനുശേഷം ഇരു രാഷ്ട്രങ്ങളും തമ്മിലെ വ്യാപാരബന്ധം കൂടുതല്‍ ദൃഢമായി. 2022-2023 സാമ്പത്തികവര്‍ഷത്തില്‍ യുഎഇ-ഇന്ത്യ വ്യാപാരം സര്‍വകാല റെക്കോഡിലെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല