സ്വന്തം ലേഖകൻ: നഴ്സിംഗ്- മിഡ്വൈഫറി വിദ്യാര്‍ത്ഥികളുടെ പ്രായോഗിക പരിശീലന പഠന രീതിയെ കുറിച്ച് ഒരു സ്വതന്ത്ര പഠനത്തിന് ഒരുങ്ങുകയാണ് നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (എന്‍എംസി). ഈ മേഖലയിലെ നവാശയങ്ങള്ക്ക് പ്രോത്സാഹനം നല്കുകക, ഇന്നത്തെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അവ സമ്പൂര്‍ണ്ണമായി നിര്‍വഹിക്കാനുള്ള കഴിവും നൈപുണിയും നേടിയെടുക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുക എന്നതൊക്കെയാണ് ഇതുകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
പഠനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് പ്രാക്ടീസ് ലേണിംഗ് (പ്രായോഗിക പരിശീലനം) പ്ലേസ്മെന്റുകള്‍ എടുക്കേണ്ടതുണ്ട്. ഇത്, വിദ്യാര്‍ത്ഥികളില്‍ പ്രൊഫഷണല്‍ രീതികള്‍ വളരുവാനും, പ്രവൃത്തി പരിചയം നേടാനും അതുപോലെ, തൊഴില്‍ രംഗത്തെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മനസ്സിലാക്കുവാനും അതിനോട് പ്ര്തികരിക്കാനുള്ള പ്രാപ്തിയുണ്ടാക്കുന്നതിനുമൊക്കെ സഹായിക്കും. ഈ പരിപാടിയില്‍ പുതിയ മാറ്റങ്ങള്‍ വരുത്തുക എന്നതാണ് ഉദ്ദേശിക്കുന്നത്.
മറ്റു രാജ്യങ്ങളിലെ പ്രായോഗിക പരിശീലന രീതികള്‍ പഠിച്ച്, അവയിലെ നവാശയങ്ങള്‍ ഉള്‍ക്കൊള്ളാനും, യുകെയുടെ സാഹചര്യത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തി അവ സ്വീകരിക്കാനുമാണ് ഉദ്ദേശിക്കുന്നത്. അങ്ങനെ, പ്രായോഗിക പരിശീലനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കും.
തികച്ചും സ്വതന്ത്രമായ ഒരു പഠനമായിരിക്കും നടത്തുക. എന്‍എംസിക്ക് പുറമെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ മേഖലയിലെ മറ്റു വിഭാഗങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്ന പഠന സംഘത്തെ നയിക്കുന്നത് പുറത്തു നിന്നുള്ള വ്യക്തിയായിരിക്കും. ഈ ഗ്രൂപ്പിന്റെ മേല്‍നോട്ടത്തിലായിരിക്കും പഠനം നടത്തുക. ഇതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സിലിനെ അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പുറത്തു നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച്, പ്രയോജനപ്പെടുന്നവ കൂടി ഉള്‍പ്പെടുത്തിയായിരിക്കും ഇത് കൗണ്‍സില്‍ യോഗത്തില്‍ അനുമതികായി സമര്‍പ്പിക്കുക. നിങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍, 2024 ജനുവരി 30ന് മുന്‍പായി സമര്‍പ്പിക്കണം എന്നും ആവശ്യപ്പെടുന്നു.
ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ നാളത്തെ പ്രൊഫഷണലുകളാണ്. അതുകൊണ്ടു തന്നെ അവരില്‍, പ്രൊഫഷണലിസം, ഉത്തരവാദിത്ത ബോധം തുടങ്ങിയ ഗുണങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട് എന്ന് എന്‍എംസി പ്രൊഫഷണല്‍ പ്രാക്ടീസ് എക്സിക്യുട്ടീവ് ഡയറക്ടര്‍ സാം ഫോസ്റ്റര്‍ പറയുന്നു. അറിവിനും, നൈപുണ്യത്തിനും ആവശ്യമായ രണ്ടു കാര്യങ്ങള്‍ തന്നെയാണവ.
അതുകൊണ്ടു തന്നെയാണ് നഴ്സിംഗ് – മിഡ്വൈഫറി പഠനത്തില്‍ പ്രായോഗിക പരിശീലനത്തിന് ഏറെ പ്രാധാന്യമുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവിടെ കാതലായ മാറ്റങ്ങള്‍ വരുത്തുന്നത് ഈ മേഖലയെ തന്നെ അടിമുടി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല