സ്വന്തം ലേഖകൻ: കുവൈത്തിൽ ഗാർഹിക തൊഴിലാളികൾക്ക് സ്മാർട്ട് വർക്കർ ഐഡി പുറത്തിറക്കി. ഗാർഹിക തൊഴിൽ മേഖലയിൽ കൂടുതൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുകയാണ് സ്മാർട്ട് വർക്കർ ഐഡിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. മൈ ഐഡി ആപ്ലിക്കേഷൻ ഉപയോഗിച്ച് റിക്രൂട്ടിങ് കമ്പനികളും ഓഫിസുകളും തൊഴിലാളികളുടെ പേര് റജിസ്റ്റർ ചെയ്താണ് സ്മാർട്ട് വർക്കർ ഐഡി എടുക്കേണ്ടത്.
ഇതിന്റെ പകർപ്പുകൾ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്മെന്റ് നിയന്ത്രിക്കുന്ന ലൈസൻസിങ് വകുപ്പിന് സമർപ്പിക്കണം. സ്മാർട്ട് ഐഡി തൊഴിലാളികൾ സൂക്ഷിക്കുകയും ആവശ്യപ്പെടുമ്പോൾ ഹാജരാക്കുകയും വേണം. തൊഴിൽ തർക്കം കുറയ്ക്കാനും സുരക്ഷ വർധിപ്പിക്കാനും ഇതുവഴി സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
അതിനിടെ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പരമാവധി ഫീസ് നിശ്ചയിച്ച് കുവൈത്ത്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ഫീസ് എല്ലാവിധ ചെലവുകളും ഉള്‍പ്പെടെ പരമാവധി 750 കുവൈത്ത് ദിനാര്‍ (2,02,479 രൂപ) ആയിരിക്കും.
കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി മുഹമ്മദ് അല്‍ ഐബാന്‍ ആണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഒന്നാം ഉപപ്രധാനമന്ത്രി ഷെയ്ഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ ശുപാര്‍ശ പ്രകാരമാണ് ഉത്തരവ്. റിക്രൂട്ട്മെന്റ് ഫീസില്‍ യാത്രാച്ചെലവ് ഉള്‍പ്പെടുത്തുന്നതിന് മന്ത്രിതല പ്രമേയം നമ്പര്‍ 103/2022 പരിഷ്‌കരിച്ച് ഉത്തരവിറക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല