സ്വന്തം ലേഖകൻ: യുകെയിൽ മഞ്ഞും മഴയും തണുപ്പും ഒരുമിച്ചു എത്തുന്ന കാലാവസ്ഥ തുടരുന്നതിനാൽ കുട്ടികൾക്കിടയിൽ ചിക്കൻപോക്സും നോറോവൈറസും ഫ്ലൂവും സ്കാർലറ്റ് പനിയും പടരുന്നു. ഇതിനെ തുടർന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കുട്ടികളെ സ്കൂളുകളിൽ അയക്കുന്ന മാതാപിതാക്കൾ അവരുടെ ആരോഗ്യം പരിപാലിക്കാൻ ലളിതമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അഭ്യർഥിക്കുന്നത്.
കുട്ടികളെ പതിവായി കൈകഴുകുന്നത് പോലുള്ള നല്ല ശുചിത്വ ശീലങ്ങൾ പഠിപ്പിക്കുക, വയറ്റിലെ അണുക്കളുടെ വ്യാപനം തടയുക, അസുഖമുള്ള കുട്ടികളെ സ്കൂളിലേക്ക് അയക്കാതെയിരിക്കുക, വാക്സിനുകൾ യഥാസമയം എടുക്കുക, എൻഎച്ച്എസ് ആരോഗ്യകേന്ദ്രങ്ങളിൽ നിന്ന് ഓൺലൈൻ ഉപദേശം സ്വീകരിക്കുക എന്നിവയാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ പ്രധാന നിർദ്ദേശങ്ങൾ.
വൈറസുകളുടെ വ്യാപനം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് കുട്ടികളുടെ കൈകൾ യഥാസമയം കഴുകുന്നത്. കുട്ടികൾ സ്കൂളിലേക്ക് പോകുന്നതിനുമുമ്പും തിരികെ വരുമ്പോഴും ഭക്ഷണം കഴിക്കുന്നതിനു മുമ്പും കൈകൾ പതിവായി കഴുകണം. കൈകൾ വൃത്തിയാക്കാൻ 20 സെക്കൻഡ് സമയം സോപ്പു പുരട്ടിയശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകാം.
അല്ലെങ്കിൽ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാം. ചുമയും തുമ്മലും വരുമ്പോൾ അണുബാധകൾ പടരുന്നത് തടയാൻ ടിഷ്യൂ പേപ്പറുകൾ ഉപയോഗിക്കുവാനും അവയെ ബിന്നിൽ കൃത്യമായി കളയവാനും നിർദ്ദേശിക്കുന്നുണ്ട്. നോറോവൈറസ്, ഇ-കോളി തുടങ്ങിയ രോഗാണുക്കൾ വർധിക്കുന്ന സമയം ആയതിനാൽ കൂടുതൽ കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയും ഉണ്ടാകും.
അതിനാൽ വയറിളക്കവും ഛർദ്ദിയും വരുമ്പോൾ അവശിഷ്ടങ്ങൾ പറ്റിയ സ്ഥലങ്ങൾ വൃത്തിയാക്കാൻ ബ്ലീച്ച് ചേർത്ത അണുനാശിനികൾ ഉപയോഗിക്കുന്നത് രോഗാണുക്കൾ പടരുന്നത് തടയാൻ സഹായിക്കും. രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവർക്ക് ഭക്ഷണം തയ്യാറാക്കരുതെന്ന് ഒഴിവാക്കുന്നത് നല്ലതായിരിക്കും. കെയർ ഹോമുകളിലും ആശുപത്രികളിലും കഴിയുന്ന രോഗബാധിതരായ ബന്ധുക്കളെ സന്ദർശിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുക എന്നിവയാണ് നിർദ്ദേശങ്ങൾ.
കുട്ടികൾക്ക് ഉയർന്ന താപനിലയിലുള്ള പനിയുണ്ടങ്കിൽ സ്കൂളിലേക്കോ നഴ്സറിയിലേക്കോ വിടാതെ വീട്ടിൽ തന്നെ നിർത്തുവാൻ നിർദ്ദേശമുണ്ട്. അസുഖം പൂർണ്ണമായും മാറിയശേഷമേ സ്കൂളുകളിലേക്ക് അയക്കാൻ പാടുള്ളൂ. ഫ്ലൂ, വയറിളക്കം, ഛർദ്ദി എന്നിവ വന്ന കുട്ടികൾ അസുഖംമാറി 48 മണിക്കൂർ കൂടി കാത്തിരിക്കുവാൻ നിർദ്ദേശമുണ്ട്.
സ്കാർലറ്റ് ഫീവറും ചിക്കൻ പോക്സും പടരാൻ സാധ്യതയുഉള്ളതിനാൽ അതീവ ജാഗ്രത പാലിക്കുവാൻ നിർദ്ദേശമുണ്ട്. തൊണ്ടവേദന, പനി, വീർത്ത കഴുത്തിലെ ഗ്രന്ഥികൾ, വയറിലെ തടിപ്പുകൾ, തുടുത്ത കവിളുകൾ എന്നിവയാണ് സ്കാർലറ്റ് ഫീവറിന്റെ ലക്ഷണങ്ങൾ. ചൊറിച്ചിൽ, ചെറിയ കുമിളകൾ എന്നിവയാണ് ചിക്കൻ പോക്സിന്റെ നിർദ്ദേശങ്ങൾ.
കുട്ടികൾക്കായി വേഗത്തിലുള്ളതും വേദനയില്ലാത്തതുമായ മൂക്കിലൂടെ നൽകുന്ന വാക്സിനുകൾ ഇന്ന് ലഭ്യമാണ്. ഇത്തരം നേസൽ സ്പ്രേകൾ ഫ്ലൂവിൽ നിന്നും മികച്ച സംരക്ഷണം നൽകും. യുകെയുടെ അംഗരാജ്യങ്ങളായ വെയിൽസ്, ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ കുട്ടികൾക്ക് ഫ്ലൂ വാക്സിൻ നൽകേണ്ട സമയവും സ്ഥലവും എപ്പോഴാണെന്ന് ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും അറിയുവാൻ കഴിയും.
കുട്ടികളുടെ അസുഖവും ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങൾക്കും രക്ഷിതാക്കൾ എൻഎച്ച്എസിന്റെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിൽ നിന്നും നേരിട്ടും ഫോണിലൂടെയും ഓൺലൈനായും ഉപദേശങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ചുവേണം ചികിത്സകൾ അടക്കമുള്ള തീരുമാനങ്ങൾ എടുക്കേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല