സ്വന്തം ലേഖകൻ: പ്രവാസി തൊഴിലാളികളെ മനോനില തകരാറിലാണെന്ന് ആരോപിച്ച് പിരിച്ചുവിടുന്നതിനെതിരെ നിയമം പാസാക്കി യുഎഇ. തൊഴിലുടമകള്‍ സ്വന്തമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് തടയുന്നതാണ് നിയമം.
പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പാടുള്ളൂവെന്നും നിയമം അനുശാസിക്കുന്നു. നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹം വരെയുള്ള പിഴ ശിക്ഷയാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്.
തൊഴിലാളികള്‍ക്ക് നിര്‍ഭയമായി ജോലിചെയ്യാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാക്കുകയും അന്യായമായ പിരിച്ചുവിടല്‍ ഒഴിവാക്കുകയുമാണ് പുതിയ നിയമത്തിന്റെ താല്പര്യം. മാനസികാരോഗ്യ അവസ്ഥയുടെ പേരില്‍ വിദേശ തൊഴിലാളികളടെ സേവനം അവസാനിപ്പിക്കുക, പരിമിതപ്പെടുത്തുക എന്നീ കാര്യങ്ങളില്‍ തൊഴിലുടമകള്‍ക്ക് സ്വയം തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് അടുത്തിടെ പാസാക്കിയ പുതിയ നിയമം വ്യക്തമാക്കുന്നു.
ശാരീരിക വെല്ലുവിളി നേരിടുന്ന അല്ലെങ്കില്‍ അംഗപരിമിതി ഉള്ള ഒരു വ്യക്തിയെ ഈ കാരണത്താല്‍ ജോലിക്ക് എടുക്കാതിരിക്കുന്നത് നിയമവിരുദ്ധമാണ് എന്നതുപോലെ തന്നെയാണ് ജീവനക്കാരന്റെ ശാരീരിക ആരോഗ്യത്തെ അടിസ്ഥാനമാക്കി ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതുമെന്ന് രാജ്യത്തെ നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
തൊഴിലുമായി ബന്ധപ്പെട്ട വ്യക്തിയുടെ അവസ്ഥ വിലയിരുത്തുന്ന സ്പെഷ്യലൈസ്ഡ് മെഡിക്കല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയായിരിക്കണം തൊഴില്‍ സംബന്ധിച്ച ഏത് തീരുമാനവുമെന്ന് അമന് ലില്‍ ആഫിയ ക്ലിനിക്ക് സിഇഒയും സ്ഥാപകനുമായ ഡോ. ഹിന്ദ് അല്‍റുസ്തമാനിയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ അനുഭവിക്കുന്ന ജീവനക്കാരന് അര്‍ഹമായ മെഡിക്കല്‍ ലീവുകള്‍ അനുവദിക്കേണ്ടതുണ്ട്. 90 ദിവസം വരെ ശമ്പളമുള്ളതും ശമ്പളമില്ലാത്തതുമായ അസുഖ അവധികള്‍ എടുക്കാം. അതിനുശേഷം ജോലിക്ക് വരാന്‍ കഴിയുന്നില്ലെങ്കില്‍ പിരിച്ചുവിടാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്.
ജോലി നഷ്ടപ്പെടുമെന്ന ഭയമില്ലാതെയും മാനസിക സമ്മര്‍ദ്ദമില്ലാതെയും ആത്മവിശ്വാസത്തോടെ ജോലിചെയ്യാന്‍ കഴിയുന്ന തൊഴില്‍ അന്തരീക്ഷം ഒരുക്കാന്‍ തൊഴിലുടമകള്‍ക്ക് ബാധ്യതയുണ്ട്. ഇതോടൊപ്പം, അന്യായമായി ജോലിക്കാരെ പിരിച്ചുവിടുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മാസമാണ് യുഎഇ മാനസികാരോഗ്യം സംബന്ധിച്ച ഫെഡറല്‍ നിയമം പുറപ്പെടുവിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല