സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ത്വരിതഗതിയിലാക്കാന്‍ ഒരുങ്ങി ആഭ്യന്തര മന്ത്രാലയം. വിദേശത്തു നിന്ന് രാജ്യത്തേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള തടസങ്ങള്‍ നീക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു.
ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ-ഖാലിദാണ് ഇത് സംബന്ധമായി വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അൽ-അബ്ദുല്ലയ്ക്ക് കത്തയച്ചത്. കുവൈത്ത് സർക്കാർ അംഗീകൃത സ്ഥാപനമായ അൽ-ദുറ കമ്പനി വിവിധ രാജ്യങ്ങളില്‍ നേരിടുന്ന റിക്രൂട്ട്മെന്റ് പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് സഹായം അഭ്യര്‍ഥിച്ചത്.
റിക്രൂട്ട്മെന്റ് നടപടികള്‍ എളുപ്പവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി അതാത് രാജ്യങ്ങളിലെ അപേക്ഷകൾ ഓണ്‍ലൈനായി സ്വീകരിക്കാനും അൽ- ദുറ കമ്പനിക്ക് ആഭ്യന്തര മന്ത്രി നിര്‍ദേശം നല്കി. അതിനിടെ ആഭ്യന്തര മന്ത്രാലയം, മാൻപവർ പബ്ലിക് അതോറിറ്റി, വാണിജ്യ മന്ത്രാലയം എന്നിവരടങ്ങുന്ന ത്രികക്ഷി സമിതിയുടെ നേതൃത്വത്തില്‍ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫിസുകളിൽ പരിശോധന തുടര്‍ന്നു.
ഫർവാനിയ, ജലീബ് അല്‍ ഷുയൂഖ് എന്നീ പ്രദേശങ്ങളില്‍ നടന്ന പരിശോധനയില്‍ ഗാർഹിക തൊഴിലാളി നിയമവും വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനവും ലംഘിച്ച നിരവധി ഓഫീസുകള്‍ കണ്ടെത്തി. ഇവയ്ക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നാല് ദിവസമായി നടക്കുന്ന പരിശോധയില്‍ ഇതുവരെയായി 78 ലധികം റിക്രൂട്ട്മെന്റ് ഓഫിസുകളാണ് അടച്ചുപൂട്ടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല