സ്വന്തം ലേഖകൻ: ഹൈറിച്ച് ഓൺലൈൻ സ്ഥാപനം മണി ചെയിനിലൂടെയും മറ്റും തട്ടിച്ചത് 1630 കോടിേയാളം രൂപയെന്ന് സംശയം. കേസന്വേഷിക്കുന്ന ചേർപ്പ് പോലീസ് അഡീഷണൽ സെഷൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന പരാതിയെത്തുടർന്നാണ് റിപ്പോർട്ട് നൽകിയത്. നിഗമനങ്ങളാണ് റിപ്പോർട്ടിലേറെയും. അതുകൊണ്ടുതന്നെ കൂടുതൽ അന്വേഷണം വേണമെന്നും ഇതിൽ പറയുന്നു.
കേരളം കണ്ട ഏറ്റവും വലിയ മണി ചെയിൻ തട്ടിപ്പാണിതെന്നും പോലീസ് പറയുന്നു. അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കണം. മഹാരാഷ്ട്രയിലും മറ്റും അന്വേഷണം നടത്തേണ്ടിവരും. സി.ബി.ഐ., ഇ.ഡി. പോലുള്ള പ്രത്യേക അന്വേഷണ ഏജൻസികളുടെ സഹായം വേണ്ടിവരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ സ്ഥാപനം 1.63 കോടി ആളുകളിൽനിന്നും 10,000 രൂപ വീതം പിരിച്ചുവെന്നാണ് പോലീസ് കരുതുന്നത്. ഇവരുടെ നിയന്ത്രണത്തിലുള്ള എച്ച്.ആർ. ഒ.ടി.ടി. വഴി സിനിമ കാണുന്നവരുടെ എണ്ണം പെരുപ്പിച്ചുകാണിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. 12.39 ലക്ഷം അംഗങ്ങൾ ഒ.ടി.ടി.യിൽ ഉണ്ടെന്ന് സ്ഥാപനം അവകാശപ്പെടുമ്പോഴും മൂന്നുമാസത്തിനിടെ 10,000 പേർ മാത്രമേ സിനിമ കണ്ടിട്ടുള്ളൂ. ഇത് അംഗങ്ങളുടെ എണ്ണം പെരുപ്പിച്ചുകാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാകാം.
പലചരക്ക് ഉത്പന്നവിൽപ്പനയുടെ മറവിൽ മണി ചെയിൻ നടത്തുകയാണ് സ്ഥാപനം ചെയ്തിരുന്നത്. കേരളത്തിൽ മാത്രം 78 ശാഖകളും ഇന്ത്യയിലൊട്ടാകെ 680 ഷോപ്പുകളും ഉണ്ടെന്നാണ് മൊഴി. ക്രിപ്‌റ്റോകറൻസി ഇടപാട് ഉൾപ്പെടെ നിരവധി അനുബന്ധസ്ഥാപനങ്ങളും ഹൈറിച്ചിനുണ്ട്. വൻതുകയാണ് ഇവർ നിക്ഷേപം സ്വീകരിച്ചിരുന്നത്. വൻ പലിശ വാഗ്‌ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചുവെന്ന പരാതിയുമുണ്ട്.
വടകര സ്വദേശി പി.എ. വത്സനാണ് സ്ഥാപനത്തിനെതിരേ കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയിൽ പരാതി നൽകിയത്. കോടതി ഈ പരാതി ചേർപ്പ് പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. ചേർപ്പ് പോലീസ് ഇതിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കുകയും ചെയ്തു. തുടർന്ന് സ്ഥാപനത്തിന്റെ സ്വത്ത് താത്കാലികമായി മരവിപ്പിക്കാൻ ബഡ്‌സ് ആക്ട് കോംപിറ്റന്റ് അതോറിറ്റി എല്ലാ ജില്ലാ കളക്ടർമാർക്കും നിർദേശം നൽകിയിരുന്നു.
മുമ്പ് ഈ സ്ഥാപനം 126 കോടിയുടെ നികുതിവെട്ടിപ്പ് നടത്തിയതായി സംസ്ഥാന ജി.എസ്.ടി. വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഡയറക്ടർ കോലാട്ട് പ്രതാപനെ അറസ്റ്റ് ചെയ്തിരുന്നു. തൃശ്ശൂർ ആറാട്ടുപുഴ ഞെരുവശ്ശേരി ആസ്ഥാനമായാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല