1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2024

സ്വന്തം ലേഖകൻ: രാജ്യതലസ്ഥാനത്ത് അതിശൈത്യത്തിൽ വലഞ്ഞ് ജനം. അടുത്ത നാലോ അഞ്ചോ ദിവസം നിലവിലെ സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാപ്രവചനം. ഡൽഹിയിലും സമീപ നഗരങ്ങളിലും കനത്തമൂടൽമഞ്ഞുണ്ടായ സാഹചര്യത്തിൽ ഗതാഗതസംവിധാനങ്ങൾ സ്തംഭിച്ചു. ഡൽഹിയിൽ ഞായറാഴ്ച രേഖപ്പെടുത്തിയത് ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 3.5 ഡിഗ്രി ആയിരുന്നു.

ദൂരക്കാഴ്ച കുറവായതോടെ ഞായറാഴ്ച രാവിലെ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിയിരുന്ന പത്തു വിമാനങ്ങളാണ് ജയ്പുരിലേക്ക് തിരിച്ചുവിട്ടത്. വിദേശ സർവീസുകൾ ഉൾപ്പെടെ നൂറോളം വിമാനങ്ങൾ വൈകി. ചിലത് റദ്ദാക്കി. പുലർച്ചെ 4.30-നും 12-നും ഇടയിൽ ഇറങ്ങേണ്ട രണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ ഉൾപ്പെടെ പത്തെണ്ണമാണ് വഴിതിരിച്ചുവിട്ടത്.

ഡൽഹിയിൽനിന്ന് വാൻകൂവറിലേക്കുള്ള എയർ ഇന്ത്യ വിമാനം ഞായറാഴ്ച പുലർച്ചെ 5.15-ന് യാത്രക്കാരെ കയറ്റി ടേക്ക്ഓഫിന് തയ്യാറായെങ്കിലും എട്ടുമണിക്കൂറിനുശേഷം റദ്ദാക്കി. ഫ്രാങ്ക്ഫുർട്ടിൽനിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം ഞായറാഴ്ച രാവിലെ 7:48-ന് വിമാനത്താവളത്തിൽ ഇറങ്ങിയെങ്കിലും പ്രതികൂലമായ കാലാവസ്ഥകാരണം രണ്ടരമണിക്കൂർ കഴിഞ്ഞാണ് യാത്രക്കാർക്ക് പുറത്തിറങ്ങാനായത്. പാർക്കിങ് സ്ഥലം നിറഞ്ഞതാണ് കാരണം.

യാത്രക്കാർ വിമാന കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് യാത്രയുടെ വിവരങ്ങൾ ഉറപ്പുവരുത്തിയ ശേഷം മാത്രമേ വിമാനത്താവളത്തിലേക്ക് തിരിക്കാവൂ എന്ന് ഡൽഹി എയർപോർട്ടിൽനിന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. 22 തീവണ്ടികൾ വൈകിയോടുകയാണ്. നിർമാണപ്രവർത്തനങ്ങൾക്കും വാഹനങ്ങൾക്കും നിയന്ത്രണമുണ്ട്.

ഡൽഹിയിൽ മൂന്നുദിവസമായി റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിശൈത്യം കണക്കിലെടുത്ത് പഞ്ചാബിലും ഹരിയാണയിലും മുന്നറിയിപ്പുണ്ട്. ഡൽഹിയിൽ പ്രൈമറി സ്കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. ഇന്നുമുതൽ ക്ലാസുകൾ പുനരാരംഭിക്കും. എന്നാൽ, രാവിലെ ഒൻപതിനുമുമ്പ്‌ ക്ലാസുകൾ പാടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.