1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2024

സ്വന്തം ലേഖകൻ: ഇന്ത്യയുടെ ബജറ്റ് എയര്‍ലൈന്‍സ് ആകാശ എയര്‍ വരുന്ന മാര്‍ച്ചില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിച്ചേക്കും. മാര്‍ച്ചില്‍ റമദാന്‍, പെരുന്നാള്‍ വിശേഷ സീസണില്‍ ഗള്‍ഫിലെ പ്രവാസി മലയാളികള്‍ക്ക് ആകാശ എയര്‍ സര്‍വീസുകള്‍ ഉപയോഗിക്കാനാവുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന ആകാശ എയര്‍ ഗള്‍ഫ് സെക്ടറിലേക്ക് വരുന്നത് ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ പ്രവാസി ഇന്ത്യക്കാര്‍ക്ക് വലിയ അനുഗ്രഹമാവും. ഗള്‍ഫ് പ്രവാസികള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമായ യാത്രാദുരിതത്തിന് വലിയ അളവില്‍ പരിഹാരം കാണാന്‍ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആകാശ എയറിന് സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം നേരത്തേ അനുമതി നല്‍കിയിരുന്നു. യുഎഇ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലും അനുമതി ലഭ്യമാക്കാന്‍ കമ്പനി നീക്കംനടത്തിവരുന്നു. സൗദിയില്‍ ജിദ്ദ, ദമ്മാം വിമാനത്താവളത്തില്‍ ആകാശ എയറിന് സ്ലോട്ട് ലഭിച്ചുകഴിഞ്ഞു. റിയാദില്‍ ഈ മാസം തന്നെ അനുമതി ലഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഈയാഴ്ച കമ്പനി പ്രതിനിധികള്‍ റിയാദ് സന്ദര്‍ശിക്കുന്നുണ്ട്.

മുംബൈ, ന്യൂഡല്‍ഹി വിമാനത്താവളങ്ങളില്‍ നിന്ന് സൗദിയിലേക്ക് സര്‍വീസ് നടത്താനുള്ള അനുമതി ലഭിച്ചുകഴിഞ്ഞു. വരുന്ന മാര്‍ച്ചിനുള്ളില്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നും സര്‍വീസ് ആരംഭിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്ന് നേരിട്ട് ഗള്‍ഫ് സര്‍വീസിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് അല്‍ മഹാ യുണൈറ്റഡ് ട്രാവല്‍സ് സൗദി അസിസ്റ്റന്റ് ഫിനാന്‍ഷ്യല്‍ മാനേജര്‍ നാസര്‍ വെളുത്തേടത്ത് മണ്ണില്‍ അറിയിച്ചു. ആകാശ എയറിന്റെ സൗദി അറേബ്യയിലെ ജനറല്‍ സെയില്‍സ് ഏജന്റാണ് അല്‍ മഹാ യുണൈറ്റഡ് ട്രാവല്‍സ്.

അല്‍ മഹാ യുണൈറ്റഡ് ട്രാവലുമായുള്ള പങ്കാളിത്തം ആകാശ എയറിന് കൂടുതല്‍ ആത്മവിശ്വാസം പകരുന്നതായി സഹസ്ഥാപകനും ചീഫ് കൊമേഴ്സ്യല്‍ ഓഫീസറുമായ പ്രവീണ്‍ അയ്യര്‍ പറഞ്ഞു. താങ്ങാവുന്ന ടിക്കറ്റ് നിരക്കില്‍ സര്‍വീസ് നല്‍കുന്ന ആകാശ എയറുമായി കരാറിലെത്തിയത് അഭിമാനകരമായ നിമിഷമാണെന്നും സംതൃപ്തരായ ഉപഭോക്താക്കളിലേക്ക് കൂടുതല്‍ മികച്ച ഓഫറുകളുമായി എത്താന്‍ കഴിയുമെന്നത് ആവേശംപകരുന്നതായും അല്‍ മഹാ യുണൈറ്റഡ് ട്രാവല്‍ ജനറല്‍ മാനേജര്‍ ബസാം അബ്ദു അല്‍ അസീരി പ്രതികരിച്ചു.

2022 ഓഗസ്റ്റ് 7ന് പ്രവര്‍ത്തനം ആരംഭിച്ച ആകാശ എയര്‍ ഇന്ത്യയിലെ 17 നഗരങ്ങളെ ബന്ധിപ്പിച്ച് 22 വിമാനങ്ങളുമായി സര്‍വീസുകള്‍ നടത്തിവരുന്നു. ആഭ്യന്തര സര്‍വീസുകളില്‍ സജീവമായ കമ്പനി ഇന്ത്യയിലെ കൂടുതല്‍ നഗരങ്ങളില്‍ നിന്ന് അന്താരാഷ്ട്ര സര്‍വീസ് അനുമതിക്കായി ശ്രമം തുടരുകയാണ്. 2021ലാണ് എസ്എന്‍വി ഏവിയേഷന്‍ എന്ന സ്വകാര്യ കമ്പനിക്ക് കീഴില്‍ ആകാശ എയര്‍ സ്ഥാപിക്കുന്നത്. അന്താരാഷ്ട്ര സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നതോടെ മുന്‍നിര വിമാനകമ്പനികളിലൊന്നായി ആകാശ എയര്‍ മാറും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.