1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2024

സ്വന്തം ലേഖകൻ: ഉന്നതപഠനത്തിനായി യുഎസിലെ കണക്റ്റികട്ടിലെത്തിയ 2 ഇന്ത്യൻ വിദ്യാർഥിക‌ളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാന വാനപര്‍ഥി സ്വദേശി ഗട്ടു ദിനേശ് (22) ആന്ധ്രപ്രദേശ് ശ്രീകാകുളം സ്വദേശി നികേഷ് (21) എന്നിവരാണ് മരിച്ചത്. മുറിയില്‍ ഉറങ്ങിക്കിടന്ന ഇരുവരെയും ഞായറാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയെന്നാണ് നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ലഭിച്ചവിവരം.

മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും വിഷവാതകമായ കാർബൺ മോണോക്സൈഡ് ശ്വസിച്ചതാകാമെന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ഡിസംബർ 28നാണ് വിദ്യാർഥികൾ കണക്റ്റികട്ടിലെത്തിയത്. ഹാർട്ട്ഫോർഡിലെ സേക്രഡ് ഹാർട്ട് സർവകലാശാലയിൽ കംപ്യൂട്ടർ സയൻസ് ബിരുദാനന്തര ബിരുദ വിദ്യാർഥികളാണ് ഇരുവരും.

ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ചശേഷം റൂമിലെത്തിയ വിദ്യാർഥികളെ, ഞായറാഴ്ച രാവിലെ കൂട്ടുകാർ വിളിക്കാനെത്തിയെങ്കിലും വാതിൽ തുറന്നില്ല. സംശയം തോന്നി പൊലീസിനെ വിളിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് വാതിൽ തകർത്ത് അകത്ത് എത്തിയപ്പോൾ അനക്കമില്ലാത്തനിലയിലാണ് ഇരുവരേയും കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കടുത്ത തണുപ്പിനെ അതിജീവിക്കാൻ വിദ്യാർഥികൾ ഹീറ്റർ ഉപയോഗിച്ചിരുന്നു. ഇതിൽനിന്ന് പുറത്തുവന്ന കാർബൺ മോണോക്സൈഡ് ആയിരിക്കാം മരണകാരണമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ഇക്കാര്യം ഉറപ്പിക്കാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞതായി ബന്ധുക്കൾ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.