1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2024

സ്വന്തം ലേഖകൻ: രണ്ട് ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ കൊച്ചി നഗരം ഒരുങ്ങി. വൈകീട്ട് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം 6-30 ന് അര ലക്ഷത്തോളം ബിജെപി പ്രവർത്തകർ അണിനിരക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. റോഡ് ഷോ കടന്നുപോകുന്ന ഹോസ്പിറ്റൽ റോഡ്, പാർക്ക് അവന്യു റോഡിൽ ഗസ്റ്റ് ഹൗസ് വരെ നഗരം ദീപാലംകൃതമാക്കിയും കൊടിതോരണങ്ങൾ കൊണ്ടലങ്കരിച്ചും കഴിഞ്ഞു. വാദ്യമേളങ്ങളോടേയും നാടൻ കലാരൂപങ്ങളോടെയും നഗരം പ്രധാനമന്ത്രിയെ സ്വീകരിക്കും.

നൂറു കണക്കിന് പ്രവർത്തകർ ഈ പ്രവർത്തനങ്ങളിൽ സജീവമായ പങ്കാളിത്തം വഹിക്കുന്നുണ്ട്. പുഷ്പങ്ങൾ ഒരുക്കുന്ന ചുമതല വനിതാ പ്രവർത്തകർക്കാണ്. ഇതിനായി 50 ൽ പരം പ്രവർത്തകൾ പ്രർത്തിക്കുന്നുണ്ട്. റോഡ്ഷോ വിജയിപ്പിക്കുന്നതിനായി ഇതിനകം പഞ്ചായത്ത് തലത്തിൽ 500 ലധികം വാഹനങ്ങൾ ബുക്ക് ചെയ്ത് കഴിഞ്ഞു. അതിനാവശ്യമായ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 1000 വാളണ്ടിയർമാർ സൗകര്യങ്ങൾ ഒരുക്കുന്നതിനായി പ്രവർത്തിക്കും. ഇതിനുമുൻപ് കാണാത്ത രീതിയിലുള്ള ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ എസ് ഷൈജു പറഞ്ഞു.

17 ന് നടക്കുന്ന ശക്തികേന്ദ്ര സമ്മേളത്തിനായുള്ള എല്ലാ ഒരുക്കളും പൂർത്തിയായി. പ്രധാനമന്ത്രിയുടെ പരിപാടികൾ വിജയിപ്പിക്കുന്നതിന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ, സംസ്ഥാന സംഘടനാ ജന. സെക്രട്ടറി കെ.സുഭാഷ്, ജന. സെക്രട്ടറിമാരായ സി. കൃഷ്ണകുമാർ, അഡ്വ. പി.സുധീർ, ജില്ലാ പ്രഭാരി അഡ്വ. നാരായണൻ നമ്പൂതിരി, സഹ പ്രഭാരി വെളിയാംകുളം പരമേശ്വരൻ എന്നിവർ അടങ്ങുന്ന നേതാക്കൾ നഗരത്തിൽ ക്യാമ്പ് ചെയ്തു പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഹെലിപ്പാഡിൽ എത്തും. രണ്ട് അകമ്പടി ഹെലികോപ്റ്ററുകൾ 20 മിനിറ്റ് മുൻപ്‌ ഹെലിപ്പാഡിൽ കവചമായി നിർത്തും. അതിനു മധ്യത്തിലാണ് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ ഇറങ്ങുക. തുടർന്ന് ജില്ലാ ഭരണകൂടവും ബി.ജെ.പി. നേതാക്കളും സ്വീകരണം നൽകും.

ബുധനാഴ്ച ഗുരുവായൂരിൽ രജിസ്റ്റർചെയ്തിട്ടുള്ളത് 80 വിവാഹങ്ങളാണ്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹസമയത്ത് മറ്റ് മണ്ഡപങ്ങളിൽ താലികെട്ടുന്ന വധൂവരന്മാരും കൂടെയുള്ളവരും കോവിഡ് പരിശോധന നടത്തിയതിന്റെ സർട്ടിഫിക്കറ്റ് കൈമാറണം.

പ്രധാനമന്ത്രിയുടെ സന്ദർശനസമയത്ത് ക്ഷേത്രത്തിനകത്ത് ഉദ്യോഗസ്ഥരും പാരമ്പര്യപ്രവൃത്തിക്കാരുമടക്കം 15 പേർക്ക് നിൽക്കാനേ അനുവാദമുള്ളൂ. ദേവസ്വം ഭരണസമിതിയംഗങ്ങൾക്ക് കൊടിമരത്തിനുസമീപം നിൽക്കാം. തൃപ്രയാർ ക്ഷേത്രത്തിൽ തന്ത്രിയുൾപ്പെടെ അഞ്ചുപേർക്കേ അനുവാദമുണ്ടാകൂവെന്നാണ് ദേവസ്വത്തെ അറിയിച്ചിരിക്കുന്നത്. സുരക്ഷാനടപടികൾക്കായി 3,000 പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.