സ്വന്തം ലേഖകൻ: ബഹ്‌റൈനിൽ സ്വദേശിവത്കരണത്തിന് ആക്കം കൂട്ടുന്നതിന്റെ ഭാഗമായി പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസ് 10 ശതമാനമോ അതിൽ കൂടുതലോ വർധിപ്പിക്കാൻ ആലോചന. ധനകാര്യമന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയുടെ അധ്യക്ഷതയിലുള്ള മന്ത്രിസഭാ പ്രതിനിധി സംഘമാണ് ഇതുസംബന്ധിച്ച നിർദേശം പാർലമെന്റ്, ശൂറ അംഗങ്ങൾക്കു മുന്നിൽവച്ചത്.
മൂന്ന് ഒപ്ഷനുകളാണ് സമിതി അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ, ഒരു പ്രവാസി തൊഴിലാളിയുടെ പെർമിറ്റ് നൽകുന്നതിനും പുതുക്കുന്നതിനും 100 ദീനാറാണ് ഈടാക്കുന്നത്. ആരോഗ്യ പരിരക്ഷാ ചെലവിനത്തിൽ 72 ദീനാറും അഞ്ചുവരെ തൊഴിലാളികളുള്ള ബിസിനസുകൾക്ക് പ്രതിമാസ ഫീസായി അഞ്ച് ദീനാർ വീതവും ഈടാക്കുന്നു. അഞ്ചിലധികം തൊഴിലാളികളുള്ള ബിസിനസുകൾക്ക് 10 ദീനാർ വീതമാണ് ഓരോ തൊഴിലാളിക്കും അടക്കേണ്ടത്.
പുതിയ ശിപാർശയിലെ ആദ്യ ഒപ്ഷനനുസരിച്ച് തൊഴിലാളിയുടെ പെർമിറ്റ് നൽകുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസ് നൂറിൽനിന്ന് 200 ആയി വർധിപ്പിക്കും. ആരോഗ്യ സംരക്ഷണത്തിന് 144 ദീനാറാക്കും. അഞ്ചുവരെ തൊഴിലാളികളുള്ള ബിസിനസിന് പ്രതിമാസ ഫീസ് 10 ആക്കും. അഞ്ചിലധികം തൊഴിലാളികളുള്ള ബിസിനസുകൾക്ക് 10 ദീനാർ വീതമെന്നത് 20 ആയും വർധിപ്പിക്കും.
രണ്ടാമത്തെ ഒപ്ഷനിൽ തൊഴിലാളിയുടെ പെർമിറ്റ് നൽകുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസ് 10 ശതമാനം വർധിപ്പിച്ച് 110 ദീനാർ ആക്കും. ആരോഗ്യ സംരക്ഷണ ഫീസ് 10 ശതമാനം മുതൽ 80 ദീനാർ വരെ വർധിപ്പിക്കും. അഞ്ചുവരെ തൊഴിലാളികളുള്ള ബിസിനസിന് 10 ദീനാറായും അഞ്ചിലധികം തൊഴിലാളികളുണ്ടെങ്കിൽ 20 ദീനാർ ആയും പ്രതിമാസ ഫീസ് വർധിപ്പിക്കും.
മൂന്നാമത്തെ ഒപ്ഷനിൽ പെർമിറ്റ് നൽകുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസ് 970 ദീനാറാക്കും. ആരോഗ്യ പരിരക്ഷ 144 ദീനാറായും അഞ്ചുവരെ തൊഴിലാളികളുള്ള ബിസിനസിന് പ്രതിമാസ ഫീസ് 50 ദീനാറായും അഞ്ചിലധികം തൊഴിലാളികളുണ്ടെങ്കിൽ 80 ആയും വർധിപ്പിക്കാനാണ് ശിപാർശ.
2025 ജനുവരി ഒന്നിന് ഈ മാറ്റം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് ആലോചിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റിവ്, വൊക്കേഷനൽ, സൂപ്പർവൈസറി ജോലികളിൽ പൗരന്മാരുടെ എണ്ണം വർധിപ്പിക്കാൻ ഈ മാറ്റം സഹായകമാകുമെന്നാണ് എം.പിമാരിൽ ചിലരുടെ അഭിപ്രായം. വ്യക്തമായ സമയപരിധിക്കുള്ളിൽ സർക്കാർ ജോലിയിൽനിന്ന് 6,000 പ്രവാസികളെ ഒഴിവാക്കണമെന്നും സ്വദേശികൾക്ക് അനുകൂലമായ രീതിയിൽ തൊഴിൽ വിപണിയെ പുനർ നിർണയിക്കണമെന്നും അഭിപ്രായമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല