സ്വന്തം ലേഖകൻ: തണുപ്പ് കടുത്തതോടെ 25 പൗണ്ടിന്റെ കോള്‍ഡ് വെതര്‍ പെയ്മെന്റ് ചിലയിടങ്ങളിലെ താമസക്കാര്‍ക്ക് ലഭിക്കാനുള്ള സാഹചര്യമൊരുങ്ങിയിരിക്കുന്നു. ഒരു നിശ്ചിത പോയിന്റില്‍ താഴേക്ക് താപനില എത്തിയ ഇടങ്ങളിലാണ് ഈ പെയ്മെന്റ് ലഭ്യമാകുക. പോസ്റ്റ്കോഡുകളുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന ഈ പേയ്മെന്റ് ലഭിക്കാന്‍ പക്ഷെ, ചില നിശ്ചിത മാനദണ്ഡങ്ങളുണ്ട്.
പെന്‍ഷന്‍ ക്രെഡിറ്റ്, യൂണിവേഴ്സല്‍ ക്രെഡിട്, ഇന്‍കം സപ്പോര്‍ട്ട്, ഇന്‍കം ബേസ്ഡ് ജോബ് സീക്കേഴ്സ് അലവന്‍സ്, ഇന്‍കം റിലേറ്റഡ് എംപ്ലോയ്മെന്റ് ആന്ദ് സപ്പോര്‍ട്ട് അലവന്‍സ്, മോര്‍ട്ട്ഗേജ് പലിശക്കുള്ള സപ്പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലും ഒരു ആനുകൂല്യമെങ്കിലും ലഭിക്കുന്നവര്‍ക്ക് മാത്രമെ, 25 പൗണ്ടിന്റെഈ ധനസഹായം ലഭിക്കുകയുള്ളു. ജനുവരി 18 ന് ഉള്ളിലായി പതിനായിരത്തോളം ബ്രിട്ടീഷുകാര്‍ക്ക് ഇതിന് അര്‍ഹത ഉണ്ടാകുമെന്നാണ് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിങ്ങള്‍ എവിടെയാണ് എന്നതിനെ ആശ്രയിക്കുന്നു ഇതിനുള്ള അര്‍ഹത നേടാന്‍. അര്‍ഹതയുള്ളവര്‍ക്ക് ഇത് നേരിട്ട് 14 ദിവസത്തിനുള്ളില്‍ അക്കൗണ്ടിലെത്തും. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സില്‍ നിന്നാണ് ഈ ധനസഹായം ലഭിക്കുക. താഴ്ന്ന വരുമാനക്കാരെ, ശൈത്യകാലത്ത് വര്‍ദ്ധിക്കുന്ന എനര്‍ജി ബില്‍ അടക്കാന്‍ സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതിനായി നിങ്ങള്‍ പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. അര്‍ഹതയുള്ളതാണെങ്കില്‍, സ്വമേധയാ ഇത് നിങ്ങളുടെ അക്കൗണ്ടില്‍ വന്നു ചേരും.
ഏഴു ദിവസത്തേക്ക് 25 പൗണ്ട് എന്ന നിരക്കില്‍ ലഭിക്കുന്ന ഈ സഹായം 14 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് ലഭ്യമാകും. നിങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ താപനില, ഏഴു ദിവസ കാലയളവില്‍ പൂജ്യം ഡിഗ്രിയിലോ അതില്‍ താഴെയായോ തുടര്‍ന്നാലാണ് ഈ ആനുകൂല്യം ലഭിക്കുക. അത്തരത്തില്‍ ഒന്നിലധികം ഏഴു ദിവസ കാലയളവുകള്‍ ഉണ്ടായാല്‍, ഓരോ ഏഴു ദിവസങ്ങള്‍ക്കും 25 പൗണ്ട് വീതം നിങ്ങള്‍ക്ക് ലഭിക്കും.
കംബ്രിയ, സ്‌കോട്ട്ലാന്‍ഡ്, നോര്‍ത്തംബര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഈയാഴ്ച്ച ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകും എന്നാണ് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനുവരി 12 മുതല്‍ 18 വരെയുള്ള കാലയളവില്‍ 10,000 ഓളം പെര്‍ക്ക് ഇതിനുള്ള അര്‍ഹതയുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല