സ്വന്തം ലേഖകൻ: ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് സൗദിയിൽ എത്തിക്കുന്നതിൽ വീസാ ഫീസും മൂല്യവർധിത നികുതിയും ഉൾപ്പെടില്ലെന്ന് റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങൾക്കുള്ള മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. വിവിധ രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകാൻ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് ഈടാക്കാവുന്ന പരമാവധി നിരക്കുകൾ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ ദിവസം കുറച്ചിരുന്നു.
മന്ത്രാലയം നിർണയിച്ച പരമാവധി നിരക്കിനു പുറമെ വീസാ ഫീസും മൂല്യവർധിത നികുതിയും തൊഴിലുടമകൾ വഹിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട് ലഭിച്ച അന്വേഷണത്തിന് മറുപടിയായി മുസാനിദ് പ്ലാറ്റ്‌ഫോം പറഞ്ഞു. ഫിലിപ്പൈൻസ്, ശ്രീലങ്ക, ബംഗ്ലാദേശ്, ഉഗാണ്ട, കെനിയ, എത്യോപ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് നിരക്കുകളാണ് കുറച്ചത്.
ഫിലിപ്പൈൻസിൽ നിന്ന് ഗാർഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകാൻ ഈടാക്കാവുന്ന കൂടിയ നിരക്ക് 15,900 റിയാലിൽ നിന്ന് 14,700 റിയാലും ശ്രീലങ്കയിൽ നിന്നുള്ള നിരക്ക് 15,000 റിയാലിൽ നിന്ന് 13,800 റിയാലും ബംഗ്ലാദേശിൽ നിന്നുള്ള നിരക്ക് 13,000 റിയാലിൽ നിന്ന് 11,750 റിയാലും കെനിയയിൽ നിന്നുള്ള നിരക്ക് 10,870 റിയാലിൽ നിന്ന് 9,000 റിയാലും ഉഗാണ്ടയിൽ നിന്നുള്ള നിരക്ക് 9,500 റിയാലിൽ നിന്ന് 8,300 റിയാലും എത്യോപ്യയിൽ നിന്നുള്ള നിരക്ക് 6,900 റിയാലിൽ നിന്ന് 5,900 റിയാലുമായാണ് കുറച്ചിരിക്കുന്നത്.
സിയറലിയോണിൽ നിന്നും ബുറുണ്ടിയിൽ നിന്നും ഗാർഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകുന്നതിന് ഈടാക്കാവുന്ന പരമാവധി നിരക്ക് 7,500 റിയാലും തായ്‌ലന്റിൽ നിന്ന് 10,000 റിയാലുമായി മന്ത്രാലയം അടുത്തിടെ നിർണയിച്ചിരുന്നു. ആകെ ഒമ്പതു രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകുന്നതിന് ഈടാക്കാവുന്ന പരമാവധി നിരക്കുകളാണ് മന്ത്രാലയം ഇതുവരെ നിർണയിച്ചിരിക്കുന്നത്.
ഈ നിരക്കുകൾ റിക്രൂട്ട്‌മെന്റ് ഓഫീസുകളും കമ്പനികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും നിർണയിച്ചതിലും കൂടിയ നിരക്കുകൾ ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല