സ്വന്തം ലേഖകൻ: പ്രധാനമന്ത്രി റിഷി സുനാകിനു തലവേദനയായി 60 ടോറി എംപിമാര്‍ റുവാന്‍ഡ ഇമിഗ്രേഷന്‍ ബില്ലിനെതിരെ വിമതനീക്കത്തിന്. വിവാദമായ റുവാന്‍ഡ ഇമിഗ്രേഷന്‍ ബില്‍ സഭയില്‍ വീണ്ടും അവതരിപ്പിക്കുമ്പോള്‍ 60 ടോറി എംപിമാര്‍ വിമതനീക്കം നടത്തി ബില്ലിനെ പൊട്ടിക്കുമെന്നാണ് ഭീഷണി. ഇത് അതിജീവിക്കാന്‍ സുനാകിന് സാധിക്കാതെ പോയാല്‍ മന്ത്രിസഭ പിരിച്ചുവിട്ട് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് സൂചന.
പാര്‍ട്ടിയുടെ വൈസ് ചെയര്‍മാന്‍മാരായ ലീ ആന്‍ഡേഴ്‌സണും, ബ്രെന്‍ഡന്‍ ക്ലാര്‍ക്ക് സ്മിത്തും നിയമം കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ട് രാജിവെച്ചത് പ്രധാനമന്ത്രിക്ക് അവസാനനിമിഷം തിരിച്ചടിയായി. മുന്‍ ക്യാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെ 60 എംപിമാരാണ് നിയമം കടുപ്പിച്ച് യൂറോപ്യന്‍ ജഡ്ജിമാരുടെ ഇടപെടല്‍ തടയണമെന്ന് ആവശ്യപ്പെട്ട് വിമതപക്ഷത്തുള്ളത്.
കെമി ബാഡെനോക്കിന്റെ സഹായി ജെയിന്‍ സ്റ്റീവെന്‍സണെ വിമതര്‍ക്കൊപ്പം വോട്ട് ചെയ്തതിന് പുറത്താക്കിയിട്ടുണ്ട്. ഇന്നലെ വിമതര്‍ ആവശ്യപ്പെട്ട ഭേദഗതികള്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് മൂന്നാം വായന നടക്കുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്ന് പ്ലാന്‍ മുക്കാനുള്ള അവസരം വിമതര്‍ക്ക് ലഭിക്കും. 30 ടോറി എംപിമാരെങ്കിലും എതിര്‍ത്ത് വോട്ട് ചെയ്താല്‍ പ്രധാനമന്ത്രിക്ക് അത് കനത്ത തിരിച്ചടിയാകും.
കുടിയേറ്റക്കാര്‍ വ്യക്തിപരമായി നിയമപോരാട്ടം നടത്തുന്നതും, യൂറോപ്യന്‍ മനുഷ്യാവകാശ കോടതികളുടെ ഇടപെടലും തടയാത്തിടത്തോളം നിയമം പ്രാവര്‍ത്തികമാകില്ലെന്നാണ് വിമത നേതാക്കളുടെ നിലപാട്. ബോറിസ് ജോണ്‍സണ്‍ ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതും സ്ഥിതി രൂക്ഷമാക്കി. മാറ്റങ്ങള്‍ ഇല്ലെങ്കില്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് മുന്‍ ക്യാബിനറ്റ് മന്ത്രിമാരായ സുവെല്ലാ ബ്രാവര്‍മാന്‍, റോബര്‍ട്ട് ജെന്റിക്ക്, സിമോണ്‍ ക്ലാര്‍ക്ക് എന്നിവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്തായാലും ബില്ലില്‍ ഭേദഗതികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി തയാറായില്ലെങ്കില്‍ പാര്‍ലമെന്റില്‍ സുനാകിന് പരാജയം ഏറ്റുവാങ്ങേണ്ടി വരും. ഇത് സംഭവിച്ചാല്‍ മന്ത്രിസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് പ്രധാനമന്ത്രിയെന്ന് സ്രോതസ്സുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല