1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2024

സ്വന്തം ലേഖകൻ: റീഎന്‍ട്രി വീസയില്‍ രാജ്യംവിട്ട ശേഷം കാലാവധിക്കുള്ളില്‍ മടങ്ങിയെത്താത്ത പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന മൂന്ന് വര്‍ഷത്തെ പ്രവേശന വിലക്ക് സൗദി അറേബ്യ നീക്കി. ജനുവരി 16 ചൊവ്വാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസാത്ത്) അറിയിച്ചു.

റീഎന്‍ട്രി വീസ കാലാവധി തീര്‍ന്ന വിദേശികള്‍ക്ക് ഏതു സമയവും പുതിയ തൊഴില്‍ വീസയില്‍ വീണ്ടും സൗദിയില്‍ പ്രവേശിക്കാം. പഴയ തൊഴിലുടമയുടെ അടുത്തേക്കോ പുതിയ തൊഴിലുടമക്ക് കീഴിലോ ജോലി ചെയ്യാന്‍ പുതിയ വീസയില്‍ രാജ്യത്ത് പ്രവേശിക്കുന്നതിന് ഉണ്ടായിരുന്ന മൂന്നു വര്‍ഷ വിലക്ക് ഇനി ബാധകമാവില്ല.

രാജ്യത്തെ വിവിധ പ്രവിശ്യകളിലെ ജവാസാത്ത് ഓഫിസുകളേയും വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, കര അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ എന്നിവിടങ്ങളിലെ ജവാസാത്ത് ഓഫിസുകളെയും വിമാന കമ്പനികളേയും ഷിപ്പിങ് കമ്പനികളേയും മറ്റു ബന്ധപ്പെട്ട വകുപ്പുകളെയും പ്രവേശന വിലക്ക് റദ്ദാക്കിയ കാര്യം ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ നിക്ഷേപവും തൊഴില്‍ അന്തരീക്ഷവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമാണ് തീരുമാനമെന്ന് അറബിക് ദിനപത്രമായ ഒകാസ് റിപ്പോര്‍ട്ട് ചെയ്തു. വ്യവസായികളുടെയും സംരംഭകരുടെയും ആവശ്യപ്രകാരമാണ് മൂന്നു വര്‍ഷ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. അവധിയില്‍ പോയ തൊഴിലാളികള്‍ മടങ്ങിയെത്താത്തതിനാല്‍ സാമ്പത്തിക നഷ്ടം ഉണ്ടാവുന്നതായി തൊഴിലുടമകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജോലിക്കാര്‍ യഥാസമയം മടങ്ങിയെത്താതിരിക്കുമ്പോള്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുന്നതായും തൊഴിലുടമകള്‍ പരാതിപ്പെട്ടിരുന്നു.

ജോലിമാറ്റം ആഗ്രഹിക്കുന്ന വിദേശികള്‍ സ്‌പോണ്‍സറുടെ അനുവാദമില്ലാതെ കഫാല മാറുന്നതിന് റീ എന്‍ട്രി വീസയില്‍ പോയ ശേഷം പുതിയ മറ്റൊരു വീസയില്‍ രാജ്യത്ത് പ്രവേശിക്കുന്നത് മൂന്നു വര്‍ഷത്തേക്ക് തടയുന്നതിനാണ് പ്രധാനമായും വിലക്ക് കൊണ്ട് ഉദ്ദേശിച്ചിരുന്നത്. ജോലിചെയ്തുകൊണ്ടിരിക്കുന്ന സ്ഥാപനത്തില്‍ നിന്ന് മാറുകയും സമാനമായ മറ്റ് കമ്പനിയിലേക്കോ അവരുമായി മല്‍സരിക്കുന്ന മറ്റ് കമ്പനിയിലേക്കോ നിലവിലെ കമ്പനിയുടെ അനുവാദമില്ലാതെ പുതിയ വീസയില്‍ ജോലിയില്‍ പ്രവേശിക്കുന്നതും തടയാനും തൊഴിലുടമകള്‍ക്ക് മൂന്നു വര്‍ഷ വിലക്ക് കൊണ്ട് സാധിച്ചിരുന്നു.

റീ എന്‍ട്രി വീസ അനുവദിക്കുന്നത് പ്രവാസിയുടെ രേഖകള്‍ പരിശോധിച്ച ശേഷമാണ്. ട്രാഫിക് പിഴകളുണ്ടെങ്കില്‍ പൂര്‍ണമായി അടച്ചുതീര്‍ക്കണം. ഇത് തൊഴിലാളിയുടെ ഉത്തരവാദിത്തമാണ്. പ്രവാസിയുടെ പാസ്പോര്‍ട്ട് തൊണ്ണൂറ് ദിവസമോ അതില്‍ കൂടുതലോ കാലാവധിയുള്ളതായിരിക്കണം. റീ എന്‍ട്രിയില്‍ പോകുമ്പോഴാണെങ്കിലും ആശ്രിത വീസയില്‍ സൗദിയില്‍ കഴിയുന്ന എല്ലാവരേയും കൂടെ കൊണ്ടുപോവുകയും വേണം.

കാലാവധിക്കുള്ളില്‍ തിരിച്ചുവരാന്‍ കഴിയില്ലെങ്കില്‍ യഥാസമയം റീ എന്‍ട്രി വീസ പുതുക്കാന്‍ സാധിക്കും. കോവിഡ്-19 തുടക്കകാലം മുതലാണ് ഇതിന് അനുവാദം നല്‍കിതുടങ്ങിയത്. റീ എന്‍ട്രി വീസ കാലാവധി തീരുന്നതിന് മുമ്പ് തന്നെ പുതുക്കണം. ഇതിന് വിദേശിയുടെ ഇഖാമയില്‍ കാലാവധിയുണ്ടായിരിക്കണം. വീസ പുതുക്കാന്‍ സ്‌പോണ്‍സര്‍ക്ക് മാത്രമാണ് സാധിക്കുക. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോം ആയ അബ്ശിറിലെ തവാസുല്‍ സേവനം വഴിയാണ് വീസ കാലാവധി ദീര്‍ഘിപ്പിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.