സ്വന്തം ലേഖകൻ: തൊഴില്‍ മേഖലയില്‍ സ്വദേശിവത്കരണം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബഹ്റൈനില്‍ പ്രവാസി തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് ഫീസ് ഉടന്‍ വര്‍ധിപ്പിച്ചേക്കും. ഫീസ് ഇരട്ടിയായി വര്‍ധിപ്പിക്കാനാണ് നീക്കം. 2025 ജനുവരി ഒന്നിന് പുതിയ നിരക്ക് പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ആലോചിക്കുന്നത്.
ധനമന്ത്രി ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫയുടെ അധ്യക്ഷതയിലുള്ള മന്ത്രിസഭാ സമിതിയാണ് ഇതു സംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. സമിതിയുടെ നിര്‍ദേശം പാര്‍ലമെന്റ്, ശൂറ അംഗങ്ങള്‍ക്ക് ചര്‍ച്ചചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കും. വര്‍ക്ക് പെര്‍മിറ്റ് ഫീസ് ഇനത്തില്‍ ഒരു പ്രവാസി തൊഴിലാളിയുടെ പേരില്‍ 100 ബഹ്റൈന്‍ ദിനാറാണ് നിലവില്‍ ഈടാക്കുന്നത്. പുതിയ പെര്‍മിറ്റ് നല്‍കുമ്പോഴും പുതുക്കുമ്പോഴും ഈ ഫീസ് നല്‍കണം.
ആരോഗ്യ പരിരക്ഷാ ചെലവിനത്തില്‍ 72 ദിനാറും അഞ്ചുവരെ തൊഴിലാളികളുള്ള ബിസിനസുകള്‍ക്ക് പ്രതിമാസ ഫീസായി അഞ്ച് ദിനാര്‍ വീതവും ഈടാക്കുന്നുണ്ട്. അഞ്ചിലധികം തൊഴിലാളികളുള്ള ബിസിനസുകള്‍ക്ക് 10 ദിനാര്‍ വീതമാണ് ഓരോ തൊഴിലാളിക്കും അടയ്ക്കേണ്ടത്.
പുതിയ ശുപാര്‍ശയിലെ ആദ്യ ഒപ്ഷനനുസരിച്ച് തൊഴിലാളിയുടെ പെര്‍മിറ്റ് നല്‍കുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസ് നൂറില്‍നിന്ന് 200 ആയി വര്‍ധിപ്പിക്കും. ആരോഗ്യ സംരക്ഷണത്തിന് 144 ദിനാറാക്കും. അഞ്ചുവരെ തൊഴിലാളികളുള്ള ബിസിനസിന് പ്രതിമാസ ഫീസ് 10 ആക്കും.
അഞ്ചിലധികം തൊഴിലാളികളുള്ള ബിസിനസുകള്‍ക്ക് 10 ദിനാര്‍ വീതമെന്നത് 20 ആയും വര്‍ധിപ്പിക്കും. രണ്ടാമത്തെ ഒപ്ഷനില്‍ തൊഴിലാളിയുടെ പെര്‍മിറ്റ് നല്‍കുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസ് 10 ശതമാനം വര്‍ധിപ്പിച്ച് 110 ദിനാര്‍ ആക്കും. ആരോഗ്യ സംരക്ഷണ ഫീസ് 10 ശതമാനം മുതല്‍ 80 ദിനാര്‍ വരെ വര്‍ധിപ്പിക്കും. അഞ്ചുവരെ തൊഴിലാളികളുള്ള ബിസിനസിന് 10 ദിനാറായും അഞ്ചിലധികം തൊഴിലാളികളുണ്ടെങ്കില്‍ 20 ദിനാര്‍ ആയും പ്രതിമാസ ഫീസ് വര്‍ധിപ്പിക്കും.
മൂന്നാമത്തെ ഒപ്ഷനില്‍ പെര്‍മിറ്റ് നല്‍കുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസ് 970 ദിനാറാക്കും. ആരോഗ്യ പരിരക്ഷ 144 ദിനാറായും അഞ്ചുവരെ തൊഴിലാളികളുള്ള ബിസിനസിന് പ്രതിമാസ ഫീസ് 50 ദിനാറായും അഞ്ചിലധികം തൊഴിലാളികളുണ്ടെങ്കില്‍ 80 ആയും വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി നല്‍കാന്‍ ഇത് പ്രേരിപ്പിക്കുമെന്നും കണക്കുകൂട്ടുന്നു. ഫീസ് ഇരട്ടിയാക്കുന്നതിലൂടെ സര്‍ക്കാരിന് ഭീമമായ തുക ലഭിക്കുമെന്നും ധനമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി പ്രതീക്ഷിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല