സ്വന്തം ലേഖകൻ: റിഷി സുനാകിന്റെ പ്രധാനമന്ത്രി കസേരയ്ക്കു വരെ ഭീഷണിയുയര്‍ത്തിയ വിവാദ റുവാന്‍ഡ ബില്‍ കോമണ്‍സില്‍ പാസായി. വിമത നീക്കം പൊളിഞ്ഞതോടെയാണ് ബില്‍ ആദ്യ കടമ്പ കടന്നത്. ഇനി ഹൗസ് ഓഫ് ലോര്‍ഡ്‌സ് അംഗീകാരം കൂടി ലഭിച്ചാല്‍ മതി. ടോറി എംപിമാര്‍ വിമതനീക്കം നടത്തി ബില്ലിനെ പരാജയപ്പെടുത്തുന്നതിന് അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നു. എന്നാല്‍ ബില്‍ സഭയില്‍ അവതരിപ്പിച്ചപ്പോള്‍ കേവലം 11 എംപിമാര്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ഇതോടെ ബില്‍ അന്തിമ അംഗീകാരത്തിനായി ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ എത്തി.
ഹൗസ് ഓഫ് കോണ്‍സില്‍ 276-നെതിരെ 320 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. തെരഞ്ഞെടുക്കപ്പെടാത്ത അംഗങ്ങള്‍ റുവാന്‍ഡ ബില്‍ എത്രയും പെട്ടെന്ന് പാസാക്കി ജനഹിതം നടപ്പാക്കണമെന്ന് സുനാക് ആവശ്യപ്പെട്ടിട്ടുണ്ട്. സ്പ്രിംഗ് സീസണോടെ നാടുകടത്തല്‍ വിമാനങ്ങള്‍ പറന്ന് തുടങ്ങാന്‍ പിയേഴ്‌സ് എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെടുന്നു.
എന്നാല്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. ചെറിയ ബോട്ടുകളില്‍ ഇംഗ്ലീഷ് ചാനല്‍ കടക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചെറുക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. വിമതനീക്കം പ്രഖ്യാപിച്ച 60 ടോറി എംപിമാര്‍ ഇപ്പോഴും ഭേദഗതികള്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. നിലവിലെ വ്യവസ്ഥകളില്‍ ബില്‍ പ്രായോഗികമല്ലെന്നും, നിയമവെല്ലുവിളികള്‍ മൂലം തടസ്സങ്ങള്‍ നേരിടുമെന്നും ഇവര്‍ വാദിക്കുന്നു.
പാര്‍ട്ടിയുടെ വൈസ് ചെയര്‍മാന്‍മാരായ ലീ ആന്‍ഡേഴ്സൻ, ബ്രെന്‍ഡന്‍ ക്ലാര്‍ക്ക് സ്മിത്ത് എന്നിവർ നിയമം കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ട് രാജിവെച്ചതാണ് ഋഷി സുനകിനെതിരെയുള്ള വിമത നീക്കങ്ങൾക്ക് ശക്തി പകർന്നത്. 30 ഭരണകക്ഷി എംപിമാരെങ്കിലും അവസാന നിമിഷം ബില്ലിനെ എതിര്‍ത്ത്അവസാന നിമിഷം വോട്ട് ചെയ്യുമെന്നാണ് വിമതപക്ഷം കരുതിയത്.
കുടിയേറ്റക്കാര്‍ വ്യക്തിപരമായി നിയമപോരാട്ടം നടത്തുന്നതും യൂറോപ്യന്‍ മനുഷ്യാവകാശ കോടതികളുടെ ഇടപെടലും തടയാത്തിടത്തോളം നിയമം പ്രാവര്‍ത്തികമാകില്ലെന്നാണ് വിമത നേതാക്കളുടെ നിലപാട്. മുൻ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതും സ്ഥിതി രൂക്ഷമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല