1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2024

സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബം അറേബ്യയിൽ നിന്ന്! 4,078 കോടി രൂപയുടെ കൊട്ടാരം, എട്ട് സ്വകാര്യ ജെറ്റുകൾ, ഒരു ജനപ്രിയ ഫുട്ബോൾ ക്ലബ്ബ് എന്നിവയുള്ള ദുബായിലെ അൽ നഹ്യാൻ രാജകുടുംബമാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബമെന്ന് ജിക്യു റിപ്പോർട്ട് ചെയ്യുന്നു.

എംബിഇസെഡ് (MBZ) എന്ന് വിളിക്കുന്ന യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ കുടുംബമാണ് അൽ നഹ്യാൻ രാജകുടുംബം. 18 സഹോദരന്മാരും 11 സഹോദരിമാരുമാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഉളളത്. ഒമ്പത് മക്കളും 18 പേരമക്കളുമാണ് ഈ എമിറാത്തി രാജകുടുംബത്തിൽ ആകെ ഉളളത്.

ലോകത്തിലെ എണ്ണ സമ്പത്തിന്റെ ആറ് ശതമാനവും ഈ രാജകുടുംബത്തിന്റെതാണ്. മാഞ്ചസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബ് കൂടാതെ നിരവധി പ്രശസ്ത കമ്പനികളിൽ ഓഹരി പങ്കാളിത്തമുണ്ട്. ഗായിക റിഹാനയുടെ ബ്യൂട്ടി ബ്രാൻഡായ ഫെന്റി മുതൽ എലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് വരെ ഇതിലുൾപ്പെടുന്നു.

യുഎഇ ഭരണാധികാരിയുടെ സഹോദരനായ ഷെയ്ഖ് ഹമദ് ബിൻ ഹംദാൻ അൽ നഹ്യാന്റെ പക്കൽ ലോകത്തിലെ ഏറ്റവും വലിയ എസ് യു വി, ലംബോർ​ഗിനി റെവന്റൺ, മേഴസിഡസ് ബെൻസ് സിഎൽകെ ജിടിആർ, ഫെറാരി 599XX, ഒരു മക്ലാരൻ MC12 എന്നിവയുൾപ്പെടെ 700 ഓളം കാറുകളുടെ ശേഖരമുണ്ട്.

അബുദബിയിലെ സ്വർണം പൂശിയ ഖസ്ർ അൽ വാതൻ എന്ന കൊട്ടാരത്തിലാണ് അൽ നഹ്യാൻ കുടുംബം താമസിക്കുന്നത്. യുഎഇയിലെ അവരുടെ മറ്റ് കൊട്ടാരങ്ങളേക്കാൾ വലിയ കൊട്ടാരമായ ഖസ്ർ അൽ വാതൻ 94 ഏക്കറിലായാണ് സ്ഥിതി ചെയ്യുന്നത്. ചരിത്രപരമായ പുരാവസ്തുശേഖരവും 350,000 പളുങ്ക് കൊണ്ട് നിർമ്മിച്ച ലൈറ്റും വലിയ താഴികക്കുടങ്ങളും ഈ കൊട്ടാരത്തിലുണ്ട്.

യുഎഇ പ്രസിഡന്റിന്റെ സഹോദരൻ തഹ്‌നൂൻ ബിൻ സായിദ് അൽ നഹ്യാൻ കുടുംബത്തിന്റെ മുഖ്യ നിക്ഷേപ കമ്പനിയുടെ തലവനാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏകദേശം 28,000 ശതമാനമായി കമ്പനിയുടെ മൂല്യം ഉയർന്നു. നിലവിൽ 235 ബില്യൺ ഡോളർ മൂല്യമുള്ള ഈ കമ്പനിക്ക് കൃഷി, ഊർജം, വിനോദം, മാരിടൈം ബിസിനസുകൾ എന്നിവയുണ്ട്. കൂടാതെ പതിനായിരക്കണക്കിന് ആളുകൾക്ക് കമ്പനി തൊഴിൽ നൽകുകയും ചെയ്യുന്നു.

യുഎഇക്ക് പുറമെ മറ്റ് രാജ്യങ്ങളിലും അൽ നഹ്യാൻ രാജകുടുംബത്തിന് ബിസിനസുകളുണ്ട്. പാരിസിലും ലണ്ടനിലുമായി ആഢംബര സ്വത്തുക്കൾ ദുബായ് രാജുകുടുംബത്തിന് സ്വന്തമായുണ്ട്. 2015ലെ ദി ന്യൂയോർക്കർറിന്റെ റിപ്പോർട്ട് പ്രകാരം ദുബായ് രാജകുടുംബത്തിന് ബ്രിട്ടീഷ് രാജകുടുംബവുമായി താരതമ്യപ്പെടുത്താവുന്ന ആസ്തികൾ ഉണ്ടായിരുന്നു.

2018 ൽ 2,122 കോടിക്ക് ആണ് അബുദബി യുണൈറ്റഡ് ​ഗ്രൂപ്പ് യുകെ ഫുട്ബോൾ ടീം ആയ മാഞ്ചസ്റ്റർ സിറ്റിയെ സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ സിറ്റി, മുംബൈ സിറ്റി, മെൽബൺ സിറ്റി, ന്യൂയോർക്ക് സിറ്റി ഫുട്ബോൾ ക്ലബ്ബുകൾ എന്നിവ നടത്തുന്ന സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ 81 ശതമാനവും കമ്പനിയുടെ ഉടമസ്ഥതയിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.