സ്വന്തം ലേഖകൻ: രാജ്യത്തെ നൂറോളം സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ഇരുപത്തിനാലായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ദ് ക്രെഡിബിളാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
ഏറ്റവുമധികം ജീവനക്കാരെ പിരിച്ചുവിട്ട സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങളില്‍ മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പ്, ഷെയര്‍ചാറ്റ്, സ്വിഗ്ഗി, അണ്‍അക്കാദമി എന്നിവയാണ് ഉള്‍പ്പെടുന്നത്. നൂറോളം സ്റ്റാര്‍ട്ടപ്പുകളിലായി 24,000-ത്തിലധികം ജീവനക്കാരെയാണ് കഴിഞ്ഞവര്‍ഷം പിരിച്ചുവിട്ടത്.
അപര്യാപ്തമായ ഫണ്ടിങ്ങും നിക്ഷേപകരുടെ സമ്മര്‍ദ്ദവും കൊണ്ട് പൊറുതി മുട്ടിയ സ്റ്റാര്‍ട്ടപ്പുകള്‍ ചെലവ് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുക എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. ബൈജൂസ് 8000 ജീവനക്കാരേയും ഷെയര്‍ചാറ്റ് 500 പേരെയും അണ്‍ അക്കാദമി, സ്വിഗി തുടങ്ങിയ സ്ഥാപനങ്ങള്‍ 380 പേരെയും പിരിച്ചുവിട്ടു.
2022ല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 25 ബില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിക്കാനായെങ്കില്‍ 2023ല്‍ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള ഫണ്ടിങ് ഏഴുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 8.2 ബില്യണ്‍ ഡോളറായി കുറഞ്ഞു. പത്തിലധികം സ്റ്റാര്‍ട്ടപ്പുകളാണ് 2023ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. കമ്പനികള്‍ കൂടുതലായി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിനെ ആശ്രയിക്കാന്‍ തുടങ്ങിയതാണ് ജീവനക്കാരെ വെട്ടിച്ചുരുക്കാനുള്ള മറ്റൊരു കാരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല