സ്വന്തം ലേഖകൻ: മ്യാന്‍മറുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തി അടയ്ക്കാന്‍ ഇന്ത്യ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. വംശീയ സംഘര്‍ഷത്തെ തുടര്‍ന്ന് മ്യാന്‍മര്‍ സൈനികര്‍ ഇന്ത്യയിലേക്ക് പലായനം ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. മ്യാന്‍മര്‍ സൈനികര്‍ സ്വതന്ത്രമായി അതിര്‍ത്തി കടക്കുന്നത് അവസാനിപ്പിക്കാനായാണ് അതിര്‍ത്തിയില്‍ വേലി നിര്‍മിക്കുന്നത്.
ഇന്ത്യയും ബംഗ്ലാദേശുമായുള്ള അതിര്‍ത്തി പോലെ ഇന്ത്യയും മ്യാന്മറുമായുള്ള അതിര്‍ത്തിയും സംരക്ഷിക്കപ്പെടണമെന്ന് അമിത് ഷാ പറഞ്ഞു. അസം പോലീസ് കമാന്‍ഡോകളുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ 600 മ്യാന്‍മര്‍ സൈനികരാണ് അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയതെന്നാണ് കണക്ക്. മിസോറാമിലെ ലൗങ്ത്ലായ് ജില്ലയിലേക്കാണ് സൈനികര്‍ അഭയാര്‍ഥികളായി എത്തിയത്. പടിഞ്ഞാറന്‍ മ്യാന്‍മറിലെ സംസ്ഥാനമായ റാഖൈനിലെ സൈനിക ക്യാമ്പുകള്‍ വിഘടനവാദികളായ അരാക്കന്‍ ആര്‍മി (എ.എ) പിടിച്ചെടുത്തതോടെയാണ് സൈനികര്‍ ഇന്ത്യയിലേക്ക് പലായനം ചെയ്തത്.
അതിര്‍ത്തി വേലികെട്ടി അടയ്ക്കുന്നതോടെ ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ സ്വതന്ത്രമായ സഞ്ചാരം അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. രണ്ട് രാജ്യങ്ങളിലേക്കും തടസമില്ലാതെ പോകാന്‍ കഴിയുന്ന ഫ്രീ മൂവ്മെന്റ് റെഷീം (എഫ്.എം.ആര്‍) 1970-കള്‍ മുതലാണ് ആരംഭിച്ചത്.
ഇരുരാജ്യങ്ങളിലേയും അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ തമ്മില്‍ കുടുംബപരമായും വംശീയമായും ബന്ധമുള്ളതിനാലാണ് എഫ്.എം.ആര്‍. നടപ്പാക്കിയത്. അതിര്‍ത്തി വേലികെട്ടി അടയ്ക്കുന്നതോടെ ഇത് ഇല്ലാതെയാകും. മ്യാന്‍മറില്‍ നിന്നെത്തിയ സൈനികരെ തിരിച്ചയക്കാനുള്ള നടപടികള്‍ ഉറപ്പാക്കണമെന്ന് നേരത്തേ മിസോറാം സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല