സ്വന്തം ലേഖകൻ: ഗതാഗത മന്ത്രാലയത്തിന്റെ പേരിലുള്ള വ്യാജ ഇ-മെയിലുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി അധികൃതർ. പാർസലുകൾ എത്തിയിട്ടുണ്ടെന്നും അതു സ്വീകരിക്കാനായി ക്രെഡിറ്റ് അല്ലെങ്കിൽ ബാങ്ക് കാർഡുകൾ മുഖേന പേയ്മെന്റ് നടത്തണമെന്നും ആവശ്യപ്പെട്ടാണ് വ്യക്തികൾക്ക് ഇ-മെയിലുകൾ വരുന്നത്.
പണം അടക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക ലിങ്കും ഇ-മെയിലിനൊപ്പമുണ്ട്. 24 മണിക്കൂർ മാത്രമേ പണം അടയ്ക്കാനുള്ള ലിങ്ക് ലഭ്യമാകൂ എന്നും കാണിച്ചാണ് സന്ദേശം എത്തുന്നത്. ഇത്തരം ഇ-മെയിലുകൾക്ക് മറുപടി നൽകുകയോ ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ പാടില്ലെന്നും മന്ത്രാലയം അധികൃതർ അറിയിച്ചു.
പൊതുജനങ്ങൾക്ക് മന്ത്രാലയം പാർസലുകൾ അയയ്ക്കില്ലെന്നും ഇത്തരം ചതിക്കുഴികളിൽ വീഴരുതെന്നും അധികൃതർ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ ഓർമ്മപ്പെടുത്തി. വ്യാജ ലിങ്കുകളിൽ പ്രവേശിച്ച് കാർഡ് വിവരങ്ങളും മറ്റും നൽകി ഇടപാടിന് ശ്രമിക്കുമ്പോൾ ബാങ്ക് വിവരങ്ങളും മറ്റും വ്യാജന്മാർ സ്വന്തമാക്കുകയും അക്കൗണ്ടിൽനിന്ന് കൂടുതൽ പണം നഷ്ടമാകാൻ ഇടയാകുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല