1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2024

സ്വന്തം ലേഖകൻ: വെള്ളക്കാരോ ഏഷ്യന്‍ വംശജരോ ആയ ജീവനക്കാരെക്കാള്‍ മോശമായ രീതിയിലാണ് തങ്ങളോടുള്ള പെരുമാറ്റം എന്ന് കറുത്ത വര്‍ഗ്ഗക്കാരായ എന്‍ എച്ച് എസ് ജീവനക്കാര്‍ പറയുന്നു. വെറും 40 ശതമാനം കറുത്ത വര്‍ഗ്ഗക്കാര്‍ മാത്രമാണ് തങ്ങളുടെ തൊഴിലിടത്തില്‍ മര്യാദയോടും ഉയര്‍ന്ന സാംസ്‌കാരിക നിലവാരത്തോടുമുള്ള പെരുമാറ്റം ഉള്ളതെന്ന് ഒരു സര്‍വ്വേയില്‍ പറഞ്ഞതായി ദി ഇന്‍ഡിപെന്‍ഡന്റ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം 61 ശതമാനം ഏഷ്യന്‍ വംശജരും 72 ശതമാനം വെള്ളക്കാരും ഇതേ അഭിപ്രായമുള്ളവരാണ്.

തൊഴിലിടത്ത് ഉള്‍ച്ചേരലുമായി ബ്വന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍ക്കൊണ്ട സര്‍വ്വേയൈല്‍ കറുത്ത വര്‍ഗ്ഗക്കാരും, ഏഷ്യന്‍വംശജരും വെള്ളക്കാരുമായ 1500 എന്‍ എച്ച് എസ് ജീവനക്കാരായിരുന്നു പങ്കെടുത്തിരുന്നത്. തൊഴിലിടത്തെ വൈവിധ്യം ഉള്‍ക്കൊള്ളുന്നതിനായി ജീവനക്കാര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കേണ്ടതുണ്ടെന്നും സര്‍വ്വേഫലം ചൂണ്ടിക്കാട്ടുന്നു. സ്‌കില്‍സ് ഫോര്‍ ഹെല്‍ത്ത് എന്ന കാരുണ്യ സംഘടനയുടെ മേധാവി ജോണ്‍ സുല്‍ പറയുന്നത് ആരോഗ്യ മേഖല അതിന്റെ വൈവിധ്യം കൊണ്ട് സമ്പുഷ്ടമാണെങ്കിലും ഇനിയും ഇക്കാര്യത്തില്‍ ഏറെ മെച്ചപ്പെടാനുണ്ട് എന്നാണ്.

സമത്വം, വൈവിധ്യം, ഉള്‍ച്ചേര്‍ക്കല്‍ എന്നിവ മെച്ചപ്പെടുത്താനായി പങ്കാളിത്ത പഠനവും പരിശീലനവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കറുത്ത വര്‍ഗ്ഗക്കാരും മറ്റ് വംശീയ ന്യുനപക്ഷങ്ങളില്‍ പെടുന്നവരുമായ ജീവനക്കാരില്‍ മൂനിലൊന്ന് പേര്‍ എന്‍ എച്ച് എസി വംശീയ വിവേചനത്തിനോ അപമാനിക്കലിനോ ഇരകളാകുന്നു എന്ന് ഇന്‍ഡിപെന്‍ഡന്റ്‌റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നായിരുന്നു ഈ സര്‍വ്വേ നടന്നത്. എന്‍ എച്ച് എസ് ഈ വിവേചനം ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെടുന്നു എന്നും ഇന്‍ഡിപെന്‍ഡന്റിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

വിവേചനത്തിനെതിരെ സ്വന്തമായി നയമുണ്ടായിട്ടുപോലും വംശീയവിവേചനവുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ എന്‍ എച്ച് എസ്സില്‍ ഉയര്‍ന്ന് വന്നിരുന്നു. ചില ട്രസ്റ്റുകള്‍ക്കെതിരെ ട്രിബ്യുണല്‍ കേസുകള്‍ പോലുമുണ്ടായിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം എന്‍ എച്ച് എസ്സില്‍ ഉള്ളതുപോലെ വൈവിധ്യ പശ്ചാത്തലമുള്ള ജീവനക്കാര്‍ മറ്റൊരു തൊഴില്‍ ദാതാവിനൊപ്പവും ഇല്ല. മൊത്തം ജീവനക്കാരില്‍ ഏകദേശം 24.2 ശതമാനം പേര്‍ കറുത്ത വര്‍ഗ്ഗക്കാരോ വംശീയ ന്യുനപക്ഷ വിഭാഗങ്ങളോ ആണ്.

ജോലിക്കയറ്റം തീരുമാനിക്കുന്ന സമ്പ്രദായം പലപ്പോഴും എല്ലാ വിഭാഗക്കാരെയും ഉള്‍ക്കൊള്ളുന്ന ഒന്നാണെന്ന് പലപ്പോഴും തോന്നാറില്ല എന്നാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു എന്‍ എച്ച് എസ് ജീവനക്കാരന്‍ പറഞ്ഞത്. വംശീയ ന്യുനപക്ഷ വിഭാഗത്തില്‍ പെടുന്ന തന്നെപ്പോലുള്ള മറ്റു പലര്‍ക്കും ഈ തോന്നല്‍ ഉണ്ടാകാറുണ്ടെന്നും അയാള്‍ പറയുന്നു.

മുതിര്‍ന്ന ജീവനക്കാരില്‍ നിന്നും കുത്തുവാക്കുകളോ അപമാനിക്കപ്പെടലോ ഉണ്ടാകില്ല എന്ന വിശ്വാസം ഉള്‍പ്പെടുന്ന മാനസിക സുരക്ഷയെ കുറിച്ച് ചോദിച്ചപ്പോള്‍ 52 ശതമാനം കറുത്തവര്‍ഗ്ഗക്കാരാണ് അങ്ങനെയൊരു വിശ്വാസമുണ്ട് എന്ന് പറഞ്ഞത്. 55 ശതമാനം ഏഷ്യന്‍ വംശജരും 64 ശതമാനം വെള്ളക്കാരും സമാനമായ രീതിയില്‍ പ്രതികരിച്ചു. അതേസമയം 39 ശതമാനം കറുത്ത വര്‍ഗ്ഗക്കാര്‍ പറഞ്ഞത് തങ്ങളുടെ സ്ഥാപനത്തില്‍ ആരും മനപ്പൂര്‍വ്വം തങ്ങള്‍ക്ക് അവഹേളനം ഉണ്ടാക്കുന്ന രീതിയില്‍ പെരുമാറാറില്ല എന്നാണ്. 54 ശതമാനം ഏഷ്യന്‍ വംശജരും 53 ശതമാനം വെള്ളക്കാരും സമാനമായ അഭിപ്രായം രേഖപ്പെടുത്തി.

വംശീയ വിവേചനം എന്‍ എച്ച് എസിന്റെയും ആരോഗ്യ മേഖലയുടെയും മേല്‍ പതിച്ച കറയാണെന്ന് റോയല്‍ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്സ് മുന്‍ പ്രസിഡണ്ട് കഴിഞ്ഞ വര്‍ഷം മുന്നറിയിപ്പ് നല്‍കിയിരുന്നു. മാത്രമല്ല, ഈ സംവിധാനത്തിന്റെ ഭാഗമായ ഓരോരുത്തര്‍ക്കും ഈ കറ മായ്ച്ചു കളയാനുള്ള നിയമപരവും ധാര്‍മ്മികവുമായ ബാദ്ധ്യതയുണ്ടെന്നും അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.