1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2024

സ്വന്തം ലേഖകൻ: 2100 ആകുമ്പോൾ യുഎസിലെ 30000 നഗരങ്ങളിൽ പകുതിയും പ്രേതനഗരങ്ങളായി മാറുമെന്ന് പുതിയ പഠനം പുറത്തിറങ്ങി. ഇക്കാലയളവ് തീരുമ്പോഴേക്കും 12 മുതൽ 23 ശതമാനം വരെ ജനസംഖ്യയിൽ കുറവും ഇവിടുണ്ടാകുമത്രേ. എല്ലാ നഗരങ്ങളും ഉപേക്ഷിക്കപ്പെടില്ല. എന്നാൽ ഇവ ചെറുതാകും. പാരിസ്ഥിതികമായ മാറ്റങ്ങളും ഇതുമൂലമുണ്ടാകാനിടയുണ്ട്. നിർമാണമേഖലയിലും മറ്റും സംഭവിച്ചേക്കാവുന്ന മുരടിപ്പ് സസ്യജാലങ്ങളുടെയും മറ്റും വർധനയ്ക്ക് വഴിവച്ചേക്കാം.

ഇത് പൊടുന്നനെ സംഭവിക്കാവുന്ന മാറ്റമല്ലെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ക്രമാനുഗതമായാകും ഇതു സംഭവിക്കുക. ഇക്കാലയളവിൽ വളരെ സജീവമായിരിക്കുന്ന മഹാനഗരങ്ങളിൽപോലും ആളുകൾ കുറഞ്ഞുവരും. ആളുകൾ നഗരങ്ങൾ വിട്ട് പലയിടങ്ങളിലേക്കു പോയി പാർക്കുമെന്നും ഗവേഷണം പറയുന്നു. നഗരങ്ങളിലെ ഈ ജനസംഖ്യാമാറ്റത്തിനു പലവിധ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുമെന്നു ശാസ്ത്രജ്ഞർ പറയുന്നു.ഗതാഗതം, ശുദ്ധജലം, വൈദ്യുതി, ഇന്‌റർനെറ്റ് ഉപയോഗം എന്നിവയിലെല്ലാം ഇതു ബാധിക്കും.

ഇന്ന് അമേരിക്കയിൽ പലയിടങ്ങളിലും ജനസംഖ്യ താഴേക്കുപോകുന്നത് ഒരു യാഥാർഥ്യമായിട്ടുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കാർഷികവൃത്തിയും മറ്റും സജീവമായുള്ള ഗ്രാമമേഖലകളിലാണ് ഇതു കൂടുതൽ. ഇവിടങ്ങളിൽ യുവാക്കളുടെ എണ്ണം കുറഞ്ഞുവരികയാണ്.

ജനങ്ങൾ കയ്യൊഴിയുന്ന താമസമില്ലാത്ത നഗരങ്ങളെ വിളിക്കുന്ന പേരാണ് പ്രേതനഗരങ്ങളെന്നത്. പ്രശസ്തമായ പല പ്രേതനഗരങ്ങളും ഇന്നു ഭൂമിയിലുണ്ട്. യുക്രെയ്‌നിലെ പ്രിപ്യാറ്റ് നഗരം ഇക്കൂട്ടത്തിൽ വളരെ പ്രശസ്തമാണ്. ചേർണോബിൽ ആണവ പ്ലാന്‌റിനടുത്ത് സ്ഥിതി ചെയ്യുന്നതാണ് ഈ നഗരം. എന്നാൽ ആണവപ്ലാന്‌റിൽ സ്‌ഫോടനമുണ്ടായതോടെ ഈ നഗരത്തിൽ നിന്ന് ആളുകളെ സോവിയറ്റ് അധികാരികൾ ഒഴിപ്പിച്ചു. പിന്നീട് ഇവിടം താമസമേഖലയല്ലായിരുന്നു.

ഫ്രാൻസിലെ ഒരഡോർ സുർ ഗ്ലാനെ, ജപ്പാനിലെ ഹാഷിമ ദ്വീപ്, സൈപ്രസിലെ വരോഷ, കലിഫോർണിയയിലെ ബോഡി, ബ്രസീലിലെ ഫോർഡ്‌ലാൻഡിയ തുടങ്ങിയവയൊക്കെ പ്രേതനഗരങ്ങൾക്ക് ഉദാഹരണമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.