സ്വന്തം ലേഖകൻ: മറ്റു രാജ്യക്കാര്‍ക്ക് അവസരം നല്‍കുന്നതിന് ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വീസ നല്‍കുന്നത് യുഎഇ നിര്‍ത്തിയെന്ന തരത്തില്‍ രണ്ടു ദിവസമായി വാര്‍ത്തകള്‍ പ്രചരിക്കുന്നു. കമ്പനികള്‍ ഇന്ത്യക്കാര്‍ക്ക് വീസയ്ക്ക് അപേക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ലഭിക്കുന്ന പോപ് അപ് സന്ദേശമാണ് ഇതിന് ഇടയാക്കിയത്. ജീവനക്കാരെ നിയമിക്കുമ്പോള്‍ ജനസംഖ്യാപരമായ വൈവിധ്യം ഉറപ്പാക്കണമെന്ന സന്ദേശമാണ് ലഭിക്കുന്നത്.
തൊഴിലിടങ്ങളിലെ വൈവിധ്യം വളര്‍ത്തിയെടുക്കുന്നതിനായി വിവിധ രാജ്യക്കാര്‍ക്ക് വീസ ക്വാട്ടയുടെ 20 ശതമാനം അനുവദിക്കണമെന്നാണ് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം നിഷ്കര്‍ഷിച്ചിരിക്കുന്നത്. 20 ശതമാനം വൈവിധ്യം കൈവരിച്ചാല്‍ കമ്പനികള്‍ക്ക് ഏത് രാജ്യത്തുനിന്നും വ്യക്തികളെ നിയമിക്കാം. ഇത് പാലിക്കാത്ത കമ്പനികള്‍ക്കാണ് വീണ്ടും അതേ രാജ്യക്കാര്‍ക്ക് വീസ അപേക്ഷിക്കുമ്പോള്‍ നിരസിക്കപ്പെടുന്നത്.
ഇത് ഇന്ത്യക്കാര്‍ക്ക് മാത്രം ബാധകമായ നിയമമല്ല. ഒരു കമ്പനിയിലോ സ്ഥാപനത്തിലോ ജോലിക്ക് ആളുകളെ നിയമിക്കുമ്പോള്‍ പാലിക്കേണ്ട നിയമമാണിത്. ഏതെങ്കിലും രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മാത്രമായി ഒരു സ്ഥാപനത്തില്‍ കേന്ദ്രീകരിക്കുന്നത് തടയുന്നതിനാണ് നിബന്ധന ഏര്‍പ്പെടുത്തിയതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫ്രീസോണ്‍ കമ്പനികള്‍, വീട്ടുജോലിക്കാര്‍, നിക്ഷേപകര്‍, പങ്കാളി വീസ എന്നീ വീസകള്‍ക്ക് ഈ നിബന്ധന ബാധകമല്ല. പാകിസ്ഥാന്, ബംഗ്ലാദേശ് എന്നിവയുള്‍പ്പെടെ ചില ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തൊഴില്‍ വീസ ലഭിക്കാന്‍ യുഎഇയിലെ കമ്പനികള്‍ ബുദ്ധിമുട്ടുന്നതിനാല്‍ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വീസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വീസ നല്‍കുന്നത് നിര്‍ത്തിയെന്ന വാര്‍ത്ത അധികാരികളും ഏജന്റുമാരും നിഷേധിച്ചു. പ്രത്യേക രാജ്യങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുപകരം വീസ വൈവിധ്യത്തിന് കമ്പനികളെ പ്രോത്സാഹിപ്പിക്കാനാണ് ഈ നിബന്ധനയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.
യുഎഇയില്‍ 38.9 ലക്ഷം ഇന്ത്യന്‍ പ്രവാസികളുണ്ട്. ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 37.96 ശതമാനത്തിലധികം വരും. എല്ലാ രാജ്യങ്ങള്‍ക്കും നിയമം ഒരുപോലെ ബാധകമാണെങ്കിലും ഇന്ത്യക്കാരെ ആയിരിക്കും ഇത് കൂടുതല്‍ ദോഷകരമായി ബാധിക്കുകയെന്ന് വിലയിരുത്തപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല