സ്വന്തം ലേഖകൻ: അന്താരാഷ്ട്ര വിദ്യാർഥികൾക്കുള്ള വീസ അനുവദിക്കുന്നതിൽ പരിധി ഏർപ്പെടുത്തി കാനഡ. അടുത്ത രണ്ട് വർഷത്തേക്കാണ് കനേഡിയൻ സർക്കാർ പരിധി ഏർപ്പെടുത്തുന്നത്. 2024-ൽ, പഠന വീസയ്ക്കുള്ള അപേക്ഷകൾ അനുവദിക്കുന്ന നിരക്ക് 35 ശതമാനമായി കുറയ്ക്കാനാണ് തീരുമാനം. വടക്കൻ അമേരിക്കൻ രാജ്യത്തേക്കെത്തുന്ന വിദേശികളുടെ എണ്ണത്തിലുണ്ടായ അഭൂതപൂർവമായ വർധനയും അതുണ്ടാക്കിയ ഭവന പ്രതിസന്ധിയുമാണ് ഇത്തരമൊരു നീക്കത്തിലേക്ക് കാനഡയെ നയിച്ചത്.
വീസ അനുവദിക്കുന്ന നിരക്ക് കുറയുന്നതോടെ ഇനിമുതൽ ഏകദേശം 3,60,000 വീസകൾ മാത്രമാണ് 2024ൽ അനുവദിക്കുക. 2023-ൽ ഒൻപത് ലക്ഷത്തോളം വിദ്യാർഥികളാണ് കാനഡയിലെത്തിയിരുന്നത്. വിദ്യാർഥികളെയും ഭവന വിപണിയെയും സംരക്ഷിക്കുന്നതിനാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. “അന്താരാഷ്ട്ര വിദ്യാർഥികളിൽനിന്ന് ഉയർന്ന ഫീസ് വാങ്ങി മോശം സേവനങ്ങള്‍ നൽകുന്ന സ്വകാര്യ കോളേജുകളെക്കുറിച്ചുള്ള ആശങ്കകളും അദ്ദേഹം പങ്കുവച്ചു.
2022-ൽ കാനഡയിലെ അന്താരാഷ്‌ട്ര വിദ്യാർഥി ജനസംഖ്യയുടെ 40 ശതമാനവും ഇന്ത്യൻ വിദ്യാർഥികളായിരുന്നു. അതുകൊണ്ടുതന്നെ പുതിയ തീരുമാനം ഇന്ത്യക്കാരായ വിദ്യാർഥികളെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. പി ആർ എടുത്ത് സ്ഥിരതാമസമാക്കാൻ ലക്ഷ്യമിടുന്ന ഇന്ത്യക്കാരുടെ പ്രിയസ്ഥലങ്ങളിൽ ഒന്നുകൂടിയാണ് കാനഡ.
രാജ്യത്തെ ഭവന വിപണിയിൽ ഉയർന്ന ഇമിഗ്രേഷൻ സംഖ്യ ഉണ്ടാക്കുന്ന ആഘാതം രാജ്യത്തെ സർക്കാരിൽ വലിയ സമ്മർദ്ദമുണ്ടാക്കിയിരുന്നു. 2023-ൽ, സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനായി 5,00,000 സ്ഥിര താമസക്കാരെയും 9,00,000 അന്താരാഷ്ട്ര വിദ്യാർഥികളെയും പ്രവേശിപ്പിക്കാൻ കാനഡ ലക്ഷ്യമിട്ടിരുന്നു. എന്നാൽ ഇത് 3,45,000 ഭവന യൂണിറ്റുകളുടെ കുറവുണ്ടാകാൻ കാരണമായി. ഇതോടെ പലിശ നിരക്കുകൾ വർധിക്കുകയായിരുന്നു.
അന്തർദേശീയ വിദ്യാർഥികളുടെ, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ളവർ വിദ്യാഭ്യാസ അവസരങ്ങൾക്ക് പുറമെ സ്ഥിരതാമസമാക്കാനും ലക്ഷ്യമിട്ടാണ് ക്യാനഡയിലേക്കെത്തുന്നത്. പ്രാദേശിക വിദ്യാർഥികളെ അപേക്ഷിച്ച് മൂന്നിരട്ടി ഫീസും ഇതിനായി ചെലവാക്കാറുണ്ട്. നിലവിലെ സർക്കാർ തീരുമാനത്തിനെതിരെ കാനഡയിലെ വിദ്യാർഥി അവകാശ സംഘടനയായ കനേഡിയൻ അലയൻസ് ഓഫ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ രംഗത്തുവന്നിരുന്നു. അന്താരാഷ്ട്ര വിദ്യാർഥികൾക്ക് കൂടുതൽ പാർപ്പിടമാണ് ആവശ്യമെന്നും ഏറ്റവും വലിയ പ്രശ്‌നം വീസ പരിധി നിശ്ചയിച്ചതാണെന്നും അസോസിയേഷൻ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല