1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2024

സ്വന്തം ലേഖകൻ: 107 മൈല്‍ വേഗത്തില്‍ ആഞ്ഞടിച്ച ഇഷാ കൊടുങ്കാറ്റില്‍ മൂന്ന് മരണങ്ങള്‍ രേഖപ്പെടുത്തിയതിന് പിന്നാലെ അടുത്ത കൊടുങ്കാറ്റും എത്തുന്നു. ഏതാനും മണിക്കൂറില്‍ ജോസിലിന്‍ കൊടുങ്കാറ്റ് എത്തിച്ചേരുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി.

ജീവന്‍ അപകടത്തിലാക്കുന്നുവെന്ന ജാഗ്രതാ നിര്‍ദ്ദേശങ്ങളാണ് മെറ്റ് പുറപ്പെടുവിച്ചിരിക്കുന്നത്. തലേദിവസം രാത്രി ഇഷാ കൊടുങ്കാറ്റിനെ തുടര്‍ന്ന് മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് പേര്‍ മരിച്ചിരുന്നു. സ്‌കോട്ട്‌ലണ്ടിലെ റിവര്‍ ടേ യൂസ്റ്ററിയില്‍ 107 മൈല്‍ വരെ വേഗത്തിലുള്ള കാറ്റാണ് എത്തിച്ചേര്‍ന്നത്. അയര്‍ലണ്ടിലെ ഡോണെഗലില്‍ ശക്തമായ ഇടിമിന്നലില്‍ വീടുകള്‍ക്ക് തീപിടിച്ചു.

ഇന്ന് മുതല്‍ യുകെയില്‍ എത്തുന്ന ജോസിലിന്‍ കൊടുങ്കാറ്റിനെതിരെ രാജ്യത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. കാര്‍ഡിഫ് നോര്‍ത്തിലും, പീറ്റര്‍ബറോയിലും ആംബര്‍, മഞ്ഞ മുന്നറിയിപ്പുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ രാവിലെ 8 വരെ വെസ്റ്റ്, നോര്‍ത്ത് സ്‌കോട്ട്‌ലണ്ടില്‍ ആംബര്‍ കാറ്റ് മുന്നറിയിപ്പും നിലവിലുണ്ട്.

പവര്‍കട്ടുകള്‍ നേരിടാനും മറ്റ് സേവനങ്ങളില്‍ തടസ്സങ്ങള്‍ രൂപപ്പെടാനും സാധ്യതയുണ്ട്. മൊബൈല്‍ ഫോണ്‍ കവറേജും ബാധിക്കപ്പെടും. റോഡ്, റെയില്‍, എയര്‍, ഫെറി സേവനങ്ങളില്‍ യാത്രകള്‍ ദൈര്‍ഘ്യമേറിയതായി മാറും, മെറ്റ് ഓഫീസ് വ്യക്തമാക്കി. മഴ, ഐസ്, കാറ്റ് എന്നിവയുമായി ബന്ധപ്പെട്ടും മഞ്ഞ ജാഗ്രത നിലവിലുണ്ട്. യുകെയുടെ നോര്‍ത്ത് ഭാഗങ്ങളിലാണ് ഇത് ബാധകമാകുക. യുകെയില്‍ അതിശക്തമായ തിരകളും ആഞ്ഞടിക്കുമ്പോള്‍ ജീവന് അപകടം സൃഷ്ടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിമാന യാത്രകളെ കാലാവസ്ഥ മോശമായി ബാധിച്ചു. പലയിടത്തും വിമാനങ്ങള്‍ നിലത്തിറക്കി. മറ്റ് ചില വിമാനങ്ങള്‍ വ്യത്യസ്ത എയര്‍പോര്‍ട്ടുകളില്‍ ലാന്‍ഡ് ചെയ്യേണ്ടതായി വന്നു. നൂറുകണക്കിന് യാത്രക്കാരാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിമാനങ്ങളില്‍ കുടുങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.