1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2024

സ്വന്തം ലേഖകൻ: യുഎഇയില്‍ എമിറേറ്റ്‌സ് ഐഡി കാര്‍ഡ് കാലാവധി അവസാനിക്കുന്നതിന് മുമ്പായി പുതുക്കണമെന്നാണ് നിയമം. പുതുക്കാത്തവര്‍ക്ക് 30 ദിവസം കൂടി പുതുക്കാന്‍ സാവകാശം നല്‍കുന്നു. തുടര്‍ന്നുള്ള രാജ്യത്ത് താമസിക്കുന്ന ഓരോ ദിവസത്തിനും 20 ദിര്‍ഹം വീതമാണ് പിഴ. ഇങ്ങനെ പരമാവധി 1,000 ദിര്‍ഹവം വരെയാണ് ഈടാക്കുക.

എമിറേറ്റ്‌സ് ഐഡി കാര്‍ഡ് പുതുക്കാന്‍ വൈകിയാല്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി (ഐസിപി) ആണ് നടപടി സ്വീകരിക്കുക. എന്നാല്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ചില സാഹചര്യങ്ങളില്‍ പിഴകളില്‍ ഇളവ് ലഭിക്കും. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ഐസിപി പ്രസിദ്ധപ്പെടുത്തി.

എമിറേറ്റ്സ് ഐഡി കാര്‍ഡ് പുതുക്കല്‍ വൈകിയതുമായി ബന്ധപ്പെട്ട പിഴകളില്‍ നിന്ന് ഒഴിവാക്കപ്പെട്ട മൂന്ന് വിഭാഗങ്ങളുണ്ടെന്ന് ഐസിപി അതിന്റെ വെബ്സൈറ്റിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും അറിയിക്കുന്നു.

ഒരു വ്യക്തി വിദേശത്തായിരിക്കുമ്പോള്‍ എമിറേറ്റ്സ് ഐഡി കാലാവധി അവസാനിച്ചാല്‍ പിഴ നല്‍കേണ്ടതില്ല. എന്നാല്‍ ഇതിന് ചില നിബന്ധനകളുണ്ട്. യുഎഇ വിടുന്ന സമയത്ത് ഐഡി കാലാവധി അവസാനിക്കാത്തതും സാധുതയുള്ളതുമായിരിക്കണം. ചുരുങ്ങിയത് മൂന്ന് മാസത്തിലധികം വിദേശത്ത് ആയിരിക്കണം.

കോടതി ഉത്തരവിലൂടെയോ ഭരണപരമായ തീരുമാനങ്ങളിലൂടെയോ ഏതെങ്കിലും ജുഡീഷ്യല്‍ വിധിയിലൂടെയോ നാടുകടത്തപ്പെട്ടതിന് ശേഷം തിരിച്ചറിയല്‍ കാര്‍ഡ് കാലഹരണപ്പെട്ട വ്യക്തികളെയും ഐഡി കാര്‍ഡ് കാലാവധി അവസാനിക്കുന്നതിന് മുമ്പ് പുതുക്കാത്തതിനുള്ള പിഴയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കേസുകളില്‍ പെട്ട് പാസ്പോര്‍ട്ട് പിടിച്ചെടുക്കപ്പെട്ട വ്യക്തികള്‍ക്കും ഇതേ ഇളവ് ബാധകമാണ്. നടപടികള്‍ക്ക് വിധേയമായ കാര്യം ബന്ധപ്പെട്ട അധികാരികള്‍ വഴി രേഖാമൂലം തെളിയിക്കുകയും വേണം. യുഎഇ പൗരത്വം ലഭിക്കുന്നതിന് മുമ്പും ഫാമിലി ബുക്ക് ലഭിക്കുന്നതിന് മുമ്പും തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാത്ത വ്യക്തികള്‍ക്കും പിഴ ഇളവിന് അപേക്ഷിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.