സ്വന്തം ലേഖകൻ: അഭയാര്‍ത്ഥിയാകാന്‍ അപേക്ഷ നല്‍കി അതില്‍ തീരുമാനമാകാതെ ഒരു വര്‍ഷത്തിലധികമായി കാത്തിരിക്കുന്നവര്‍ക്ക് സോഷ്യല്‍ കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്നതിന് ഹോം ഓഫീസ് അനുവാദം നല്‍കി. എന്നാല്‍, പ്രശ്നത്തിന്റെ ആഴം മനസ്സിലാക്കാതെയുള്ള തൊലിപ്പുറ ചികിത്സ മാത്രമാണിതെന്നാണ് മേഖലയില്‍ ഉള്‍ലവര്‍ പറയുന്നത്.
ഇംഗ്ലീഷ് ചാനലിലൂടെ ചെറു യാനങ്ങളില്‍ അനധികൃതമായി എത്തിയവര്‍ ഉള്‍പ്പടെയുള്ള അഭയാര്‍ത്ഥികള്‍ക്ക് അതിരൂക്ഷമായ തൊഴിലാളി ക്ഷാമം നേരിടുന്ന സോഷ്യല്‍ കെയര്‍, കൃഷി, കെട്ടിടനിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നതിനുള്ള അനുവാദമാണ് നല്‍കിയിരിക്കുന്നത്.
അഭയാര്‍ത്ഥിത്വത്തിനുള്ള അപേക്ഷയില്‍ ഒരു വര്‍ഷത്തിലേറെയായിട്ടും തീരുമാനം ആകാത്തവര്‍ക്കാണ് ജോലി ചെയ്യുന്നതിനുള്ള അവകാശം നല്‍കിയിരിക്കുന്നത്. എന്നാല്‍, അവര്‍ക്ക് ബ്രിട്ടനില്‍ തുടരുന്നതിനുള്ള ലീവ് ഇനിയും നല്‍കേണ്ടതായി ഉണ്ട്. ഈ പുതിയ നയം എത്രപേര്‍ക്ക് പ്രയോജനപ്പെടും എന്ന കാര്യം പക്ഷെ ഹോം ഓഫീസ് വ്യക്തമാക്കിയിട്ടില്ല.
എന്നാല്‍, കെയര്‍ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് ഇത് തൊലിപ്പുറമെയൂള്ള ചികിത്സ മാത്രമാണെന്നാണ്. അതി രൂക്ഷമായ തൊഴിലാളി ക്ഷാമമാണ് ഈ മേഖലയില്‍ അനുഭവപ്പെടുന്നത്. ബ്രിട്ടനില്‍ കഴിയാന്‍ അനുവാദമില്ലാത്തവര്‍ ഈ മേഖലയില്‍ ജോലി ചെയ്യാന്‍ എത്തുമ്പോള്‍ അത് ഒരു താത്ക്കാലിക പ്രരിഹാരം മാത്രമായിരിക്കുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.മാത്രമല്ല, ബ്രിട്ടനില്‍ തുടരാന്‍ അനുവാദം കിട്ടിയവര്‍ കൂടുതല്‍ വേതനം ലഭിക്കുന്ന ജോലികളിലേക്ക് മാറാനും സാധ്യതയുണ്ട്.
ഇതുപോലുള്ള ഹ്രസ്വകാല നടപടികള്‍ പ്രശ്നങ്ങള്‍ക്ക് സുസ്ഥിരമായ പരിഹാരമല്ലെന്ന് നാഷണല്‍ കെയര്‍ അസ്സോസിയേഷന്‍ ചെയര്‍മാന്‍ നാദ്ര അഹമ്മദി ആരോപിച്ചു. ഏതൊരു വ്യക്തിക്കും ജോലി ചെയ്യാവുന്ന ഒരു മേഖലയാണ് സോഷ്യല്‍ കെയര്‍ എന്ന് കരുതുന്നില്ല. വൃദ്ധരേയും അവശരേയും ശുശ്രൂഷിക്കുമ്പൊള്‍ സുഗമമായ ആശയവിനിമയത്തിന് സഹായകരമായ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മുതല്‍ പല യോഗ്യതകളും അവര്‍ക്ക് ഉണ്ടായിരിക്കണംഎന്നും അഹമ്മദ് പറഞ്ഞു.
ഈ രംഗത്തെ തൊഴിലാളി ക്ഷാമ പരിഹരിക്കാന്‍ ഇടക്കാല ആശ്വാസം കൊണ്ട് കഴിയുകയില്ല. അതിന് സമര്‍പ്പണബോധമുള്ളവും ആത്മാര്‍ത്ഥതയുള്ളവരുമായ ജീവനക്കാരാണ് ആവശ്യം. ഈ മേഖലയുടെ പ്രവര്‍ത്തന രീതികള്‍ പഠിക്കുവാനും മനസ്സിലാക്കുവാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കുവാനും തയ്യാറും കഴിവും ഉള്ളവരായിരിക്കണം. അതുകൊണ്ടാണ് കെയര്‍ വര്‍ക്കര്‍മാരെ സ്‌കില്‍ഡ് വര്‍ക്കര്‍ ഗണത്തില്‍ പെടുത്തിയിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ മേഖലയില്‍ തൊഴില്‍ ചെയ്യാന്‍ വരുന്നവരെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു. എന്നാല്‍, ഹ്രസ്വകാലാടിസ്ഥാനത്തില്‍ എത്തുന്നവര്‍, പരിശീലനത്തിനുള്‍പ്പടെ സേവന ദാതാക്കള്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും അവര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല