സ്വന്തം ലേഖകൻ: കാമുകനെ 108 തവണ കുത്തിയ കേസില്‍ വിചാരണ നേരിട്ട കാലിഫോര്‍ണിയ സ്വദേശിയായ യുവതിയെ കോടതി വെറുതെ വിട്ടു. ‘കഞ്ചാവ് ഉപയോഗിച്ചതു മൂലമുള്ള സൈക്കോസിസ്’ മൂലമാണ് യുവതി കൊലപാതകം നടത്തിയതെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. കാമുകനെ കൊല്ലുമ്പോള്‍ യുവതിക്ക് ‘സ്വയം നിയന്ത്രണം’ നഷ്ടപ്പെട്ടിരുന്നെന്നും കോടതി പറഞ്ഞതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബ്രൈന്‍ സ്പെഷര്‍ എന്ന 32 കാരിയെയാണ് കാമുകനായ ചാഡ് ഓമെലിയ എന്ന യുവാവിനെ കൊലപ്പെടുത്തിയതില്‍ കുറ്റക്കാരിയാക്കി അറസ്റ്റ് ചെയ്തത്. 2018ലായിരുന്നു സംഭവം. 2018 മെയ് 27 അര്‍ധരാത്രിയോടെ, യുവാവിന്‍റെ അപ്പാര്‍ട്ട്മെന്‍റില്‍ വെച്ച് യുവതി കുത്തിയെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. ഇരുവരും മരിജുവാന ഉപയോഗിക്കുകയും ലഹരിയുടെ പുറത്ത് യുവതി കാമുകനെ 108 തവണ കുത്തുകയുമായിരുന്നു. കൂടാതെ യുവതി സ്വയം കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്തു.
യുവതിക്ക് മരിജുവാനയോട് പ്രതികൂലമായി പ്രതികരിക്കുന്ന ശാരീരിക അവസ്ഥയുണ്ടെന്നും, അത് സൈക്കോസിസിലേക്ക് വരെ നയിക്കുമെന്നുമാണ് കോടതിയുടെ നിരീക്ഷണത്തില്‍ പറയുന്നത്.
കൊലപാതകത്തിന് ശേഷം സംഭവമറിഞ്ഞ് അധികൃതര്‍ സ്ഥലത്തെത്തിയിരുന്നു. രക്തത്തില്‍ കുളിച്ച് കിടക്കുന്ന യുവാവിനോടൊപ്പം കത്തിയുമായി നില്‍ക്കുന്ന യുവാവിനെയും കണ്ടെത്തി. പൊലീസ് കത്തി തിരികെ വാങ്ങാന്‍ നോക്കിയപ്പോഴേക്കും യുവതി സ്വന്തം കഴുത്തില്‍ കുത്തി പരുക്കേല്‍പ്പിച്ചു. സംഭവ സ്ഥലത്ത് വെച്ച് തന്നെ യുവാവിന്‍റെ മരണം സ്ഥിരീകരിച്ചു.
എന്നാല്‍ മയക്കുമരുന്ന് ഉപയോഗിച്ച് ഇതിന് മുന്‍പ് അനുഭവമില്ലാത്തയാളായിരുന്നു യുവതിയെന്നും, പെട്ടെന്നുണ്ടായ ഉദ്ദീപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും യുവതിയുടെ അഭിഭാഷകന്‍ വാദിച്ചു.
കാലിഫോര്‍ണിയയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കെല്ലാം കൊലപാതകത്തിന് അനുമതി കൊടുക്കുകയാണെന്ന് കൊല്ലപ്പെട്ട യുവാവിന്‍റെ പിതാവ് പറഞ്ഞു. അതേസമയം കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും ജഡ്ജിയുടേത് ധീരമായ തീരുമാനാമായിരുന്നെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല