സ്വന്തം ലേഖകൻ: എമിറേറ്റിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വീസ ലഭിക്കുന്നതിനുള്ള നടപടിക്രമം എളുപ്പമാക്കി. വസ്തുക്കൾ വാങ്ങുമ്പോൾ 10ലക്ഷം ദിർഹം ഡൗൺ പേമെന്റ(തുടക്കത്തിൽ നൽകുന്ന തുക) നൽകിയിരിക്കണമെന്ന മാനദണ്ഡമാണ് ഒഴിവാക്കിയത്. ഇതോടെ നിരവധി റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വീസക്ക് വഴി തുറക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 20ലക്ഷം ദിർഹമിൽ കൂടുതൽ മൂല്യമുള്ള വസ്തുവാണെങ്കിൽ പ്രാഥമികമായി അടച്ച തുക എത്രയെന്ന് പരിഗണിക്കാതെ 10 വർഷ വീസക്ക് അപേക്ഷിക്കാമെന്നാണ് വിവിധ കൺസൽട്ടൻസികൾ വ്യക്തമാക്കുന്നത്.
ദുബൈയിൽ വീടുകൾക്കും മറ്റും ആദ്യത്തെ ഡൗൺ പേമെന്റിനുശേഷം പ്രതിമാസം ഒരുശതമാനം മുതൽ അഞ്ച് വരെ നൽകുന്ന രീതിയിൽ 25 വർഷം വരെയുള്ള സ്കീമുകളാണ് നിലവിലുള്ളത്. ദുബൈയിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലായി റിയൽ എസ്റ്റേറ്റ് നിരക്കുകൾ വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും വില്ലകളുടെയും അപ്പാർട്മെന്റുകളുടെയും വിലയിൽ വലിയ വർധനവാണുണ്ടായത്. ഈ സാഹചര്യത്തിൽ ഗോൾഡൻ വീസ അപേക്ഷകരുടെ എണ്ണത്തിലും വർധനവുണ്ടാകുന്നതായാണ് വിലയിരുത്തപ്പെടുന്നത്.
നിക്ഷേപകർ, സംരംഭകർ, ശാസ്ത്രജ്ഞർ, മികവ് പുലർത്തുന്ന വിദ്യാർഥികൾ, ആരോഗ്യ രംഗത്തെ വിദഗ്ധർ, ജീവകാരുണ്യ മേഖലയിലെ പ്രമുഖർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ലഭിക്കുന്ന ഗോൾഡൻ വീസക്ക് നിരവധി അപേക്ഷകരാണുള്ളത്.
അതിനിടെ .എ.ഇയിൽ വീസ ക്വോട്ടയിൽ 20 ശതമാനം മറ്റ് രാജ്യക്കാർക്ക് മാറ്റിവെക്കണമെന്ന നിബന്ധനയിൽ ഇളവ് വന്നതായി സൂചന. കഴിഞ്ഞ ദിവസം അപേക്ഷ സമർപ്പിച്ച പലർക്കും നേരത്തേ ലഭിച്ചിരുന്ന മുന്നറിയിപ്പ് സന്ദേശം ഇല്ലാതെ തന്നെ വീസ അനുവദിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് ടൈപ്പിങ് സെന്ററുകളും ട്രാവൽ ഏജൻസികളും വ്യക്തമാക്കുന്നത്.
അതേസമയം, ചില സ്ഥാപനങ്ങൾക്ക് ഇനിയും വീസ ലഭിക്കുന്നതിൽ തടസ്സം നേരിടുന്നതായും റിപ്പോർട്ടുണ്ട്. വീസ ക്വോട്ടയുടെ ആദ്യ 20 ശതമാനം വ്യത്യസ്ത രാജ്യങ്ങളിൽനിന്നുള്ള ജീവനക്കാരായിരിക്കണമെന്നായിരുന്നു നിർദേശം. ഇന്ത്യയിൽനിന്നുള്ള തൊഴിലന്വേഷകർക്ക് ഈ നിബന്ധന തിരിച്ചടിയാകുമെന്ന ആശങ്കയും വ്യാപകമായിരുന്നു. ഇന്ത്യക്കാർക്ക് യുഎഇയിൽ വീസ നിയന്ത്രണമെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണങ്ങൾക്കും ഇത് വഴിവെച്ചു.
അതേസമയം, സന്ദർശകർ, ഗാർഹിക തൊഴിലാളികൾ, ഫ്രീസോണിലുള്ളവർ, കുടുംബവീസക്കാർ എന്നിവർക്ക് നിയമം ബാധകമായിരുന്നില്ല. തൊഴിൽ മന്ത്രാലയം അനുവദിക്കുന്ന വീസക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ മാത്രമായിരുന്നു പുതിയ നിബന്ധന അടങ്ങിയ സന്ദേശം ലഭിച്ചിരുന്നത്. ഇന്ത്യക്കാർക്ക് മാത്രമല്ല, എല്ലാ രാജ്യങ്ങളിലുള്ളവർക്കും ഈ നിബന്ധന ബാധകമാണെന്നും നിയമവിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല