സ്വന്തം ലേഖകൻ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ ആദ്യമായി മാസ്ക്കിലൂടെ നൈട്രജൻ വാതകം ശ്വസിപ്പിച്ച് വധിക്കുന്ന ശിക്ഷാരീതി നടപ്പിലാക്കി അമേരിക്ക. അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വാടകക്കൊലയാളി കെന്നത്ത് യുജീൻ സ്മിത്തിനെയാണ് പുതിയ രീതിയിൽ വധിച്ചത്. ഇത്രയും കാലം വിഷം കുത്തിവെച്ചാണ് അമേരിക്കയിൽ വധശിക്ഷ നടപ്പിലാക്കിയിരുന്നത്.
1988ൽ സുവിശേഷ പ്രസംഗകനായ ഭർത്താവിൻ്റെ നിർദ്ദേശ പ്രകാരം എലിസബത്ത് സെന്നത് എന്ന സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ കുറ്റത്തിന് 1996ൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടായാളാണ് കെന്നെത്ത് സ്മിത്ത് എന്ന 59 കാരൻ. കൂട്ടുപ്രതിയായിരുന്ന ജോൺ ഫോറെസ്റ് പാർക്കർ എന്നയാളെ 2010ൽ വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കിയിരുന്നു.
കൊലപാതകം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെന്നാണ് സ്മിത്ത് കോടതിയിൽ വാദിച്ചത്. സ്മിത്തിന്റെ വാദം തള്ളിയ കോടതി 1996ൽ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. തുടർന്ന് നിരവധി തവണ അപ്പീലുകളിൽ വാദം നടന്നു. ഒടുവിൽ 2022ൽ കെന്നത്ത് സ്മിത്തിനെ മാരക വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പിലാക്കാനിരുന്ന ശ്രമം പരാജയപ്പെട്ടിരുന്നു. വിഷം കുത്തിവക്കാന്‍ വിദഗ്ധർ നിർദേശിച്ച പ്രത്യേക സിര കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ സ്മിത്തിന്റെ വധശിക്ഷ നീട്ടി വയ്ക്കുകയായിരുന്നു.
ആസൂത്രണം ചെയ്തതുപോലെ വധശിക്ഷ നടപ്പാക്കാന്‍ സാധിക്കാതെ വന്നതോടെ വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സ്മിത്ത് സുപ്രീം കോടതിക്ക് ഹർജി നൽകിയിരുന്നു. ആദ്യമുപയോഗിച്ച വധശിക്ഷ രീതി മാറ്റി മറ്റൊരു വഴി തിരഞ്ഞെടുക്കണമെന്ന് ഉത്തരവിട്ട സുപ്രീം കോടതി സ്മിത്തിന്റെ ഹർജി തള്ളുകയായിരുന്നു.
വേദനയില്ലാത്ത രീതിയാണെന്ന് അവകാശപ്പെടുന്ന നൈട്രജൻ വാതകം ഉപയോഗിച്ചുള്ള രീതിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആദ്യത്തെ തടവുകാരനാണ് കെന്നെത്ത് സ്മിത്ത്.
ജനുവരി രണ്ടാം വാരം നടന്ന വാദത്തിലാണ് മാസ്ക്കിലൂടെ നൈട്രജൻ വാതകം ശ്വസിപ്പിച്ചുള്ള വധശിക്ഷ അനുവദിച്ച് യുഎസ് ഫെഡറൽ കോടതി ഉത്തരവിറക്കുന്നത്. ഇത് ക്രൂരമായ രീതിയാണെന്നും നടപ്പിലാക്കുമ്പോൾ പാളിച്ചയുണ്ടായാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം തള്ളിയാണ് കോടതി ഉത്തരവ് നൽകിയത്. ഈ രീതിയിലുള്ള വധശിക്ഷ നടപ്പിലാക്കാൻ ആദ്യമായിട്ടായിരുന്നു യുഎസ് കോടതി ഉത്തരവിടുന്നത്.
അമേരിക്കയിൽ 50 സംസ്ഥാനങ്ങളിൽ 27ൽ മാത്രമാണ് വധശിക്ഷ നിയമപരം. യുഎസിൽ വധശിഷയ്ക്ക് വിധിക്കപ്പെടുന്നവരെ ഇത്രയും കാലം വിഷം കുത്തിവെച്ചാണ് ശിക്ഷ നടപ്പിലാക്കിയിരുന്നത്. ഏകദേശം അഞ്ച് വർഷം മുൻപ് തന്നെ നൈട്രജന്‍ വാതകം ശ്വസിപ്പിച്ചുകൊണ്ടുള്ള വധശിക്ഷ നടപടികള്‍ അമേരിക്കയിൽ പ്രാബല്യത്തില്‍ കൊണ്ട് വരുന്നതിനുള്ള നടപടികൾ അധികൃതർ ആരംഭിച്ചിരുന്നു.
നിറവും മണവും സ്വാദുമില്ലാത്ത വാതകമാണ് നൈട്രജന്‍. ഭൂമിയിലെ അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതലുള്ള വാതകവും നൈട്രജനാണ്. അന്തരീക്ഷത്തില്‍ 78 ശതമാനമാണ് നൈട്രജന്റെ അളവ്. ഓക്‌സിജന്‍ കലരാത്ത നൈട്രജന്‍ വാതകം ശ്വസിക്കുന്നത് മരണത്തിനിടയാക്കും. ഈ പ്രക്രിയയാണ് അമേരിക്ക വധശിക്ഷ നടപ്പാക്കുന്നതിനായി സ്വീകരിച്ചത്.
ഉയർന്ന അളവിൽ നൈട്രജന്‍ വാതകം ശ്വസിക്കുന്നതിലൂടെ തലകറക്കം അനുഭവപ്പെടുകയും തുടർന്ന് ബോധം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കും എത്തിച്ചേരും. വായുവിലെ ഓക്‌സിജന്‍ പൂർണമായും നഷ്ടപ്പെടുന്നതോടെ മരണത്തിലേക്ക് നയിക്കും. ഇൻർട്ട് ഗ്യാസ് അസ്ഫിക്സിയേഷൻ എന്നാണ് നൈട്രജന്‍, ഹീലിയം, മീഥേൻ, ആർഗൺ തുടങ്ങിയ വാതകം ശ്വസിക്കുന്നത് മൂലമുണ്ടാകുന്ന ശ്വാസം മുട്ടല്‍ അവസ്ഥയ്ക്ക് പറയുന്നത്. നൈട്രജന്റെ കാര്യത്തിൽ ഈ അവസ്ഥയെ നൈട്രജന്‍ അസ്ഫിക്സിയേഷൻ എന്നാണ് വിശേഷിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല