കൊച്ചി സ്വദേശിയായ കന്യാസ്ത്രീയെ ആക്രമിച്ച് കൊന്ന കേസില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ പ്രതികളായ അഞ്ച് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
നവംബര്‍ 16 ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയ്ക്കാണ് ജാര്‍ഖണ്ഡില്‍ മലയാളി കന്യാസ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയത്. എറണാകുളം വാഴക്കാല മലമേല്‍ കുടുംബാംഗമായ വല്‍സ ജോണാണ്(53) കൊല്ലപ്പെട്ടത്.
മദര്‍തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയില്‍ അംഗമായ വല്‍സ ജോണ്‍ വര്‍ഷങ്ങളായി ജാര്‍ഖണ്ഡിലെ താക്കൂര്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ആദിവാസികള്‍ക്കൊപ്പം കുടില്‍കെട്ടി താമസിയ്ക്കുകയായിരുന്നു ഇവര്‍. പുലര്‍ച്ചെ ഇരുപതോളം പേര്‍ എത്തി ഇവരെ ആക്രമിയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മാവോയിസ്റ്റുകളാണ് ആക്രമണത്തിന് പിന്നിലെന്ന വാദം പൊലീസ് തള്ളിക്കളഞ്ഞു.ആദിവാസികളാണ് വല്‍സയുടെ കൊലയ്ക്ക് പിന്നിലെന്നാണ് ജാര്‍ഖണ്ഡ് പൊലീസ് പറയുന്നത്.
പത്തൊമ്പതു വര്‍ഷമായി ജാര്‍ഖണ്ഡിലെ പാക്കുര്‍ ജില്ലയില്‍ ഡുംകയ്ക്കു സമീപം പച്ച്‌വാഡ ഗ്രാമത്തില്‍ ആദിവാസികളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ മുഴുകി കഴിയുകയായിരുന്നു സിസ്റ്റര്‍ വല്‍സ.
കല്‍ക്കരി ഖനനത്തിനായി ആദിവാസികളെ കുടിയൊഴിപ്പിക്കുന്നതിനെതിരേ നടത്തിയ ജനകീയ സമരവും നിയമപോരാട്ടവും സിസ്റ്റര്‍ വല്‍സയെ ഖനി മാഫിയയുടെ ശത്രുവാക്കി മാറ്റി. ഇതാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു സഹപ്രവര്‍ത്തകരും കുടുംബവും ആരോപിയ്ക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല