സ്വന്തം ലേഖകൻ: അത്താഴ ഭക്ഷണം കഴിച്ച ശേഷം 20 ലക്ഷം രൂപയിലധികം ടിപ്പായി നല്‍കുമോ? ദുബായ് ജുമൈറയിലെ സാള്‍ട്ട് ബേ നുസ്റത്ത് സ്റ്റീക്ക് ഹൗസില്‍ ഭക്ഷണം കഴിച്ച ഉപഭോക്താവ് ജീവനക്കാര്‍ക്ക് പാരിതോഷികമായി നല്‍കിയത് 9,0000 ദിര്‍ഹം (20,36,375 രൂപ). റെസ്റ്റോറന്റ് ഉടമ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ബില്ല് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.
ഇന്‍സ്റ്റാഗ്രാമില്‍ 5.3 കോടി ഫോളോവേഴ്സുള്ള തുര്‍ക്കി ഷെഫും റെസറ്റോറന്റ് ഉടമയും നടത്തിപ്പുകാരനുമായ നുസ്റത്ത് ഗോക്സെ ആണ് ബില്ലിന്റെ ചിത്രം പങ്കുവച്ചത്. ‘പണം വരും, പണം പോകും’ എന്ന അടിക്കുറിപ്പോടെയാണ് 40 കാരന്റെ പോസ്റ്റ്. ഭക്ഷണത്തിനായി 3,98,630 ദിര്‍ഹവും (90,19,288 രൂപ) ടിപ്പായി 9,0000 ദിര്‍ഹവും (20,36,375 രൂപ) നല്‍കിയതായി ബില്ലില്‍ കാണിക്കുന്നു.
ജനുവരി 20 ശനിയാഴ്ച രാത്രി 10:08 എന്ന സമയമാണ് ബില്ലില്‍ കാണിക്കുന്നത്. ഉപഭോക്താക്കളുടെ പേര് വിവരങ്ങള്‍ നല്‍കിയിട്ടില്ല. ബീഫ് കാര്‍പാസിയോ, സാലഡ്, ബക്ലാവ, ഫ്രഞ്ച് ഫ്രൈകള്‍, ഫ്രൂട്ട് പ്ലേറ്റര്‍ തുടങ്ങി വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് ആസ്വദിച്ചത്. ഒരു ഫിലറ്റ് മിഗ്നോണും മൂന്ന് സ്റ്റീക്കുകളും ഉള്‍പ്പെടെ സ്വര്‍ണം പൊതിഞ്ഞ മാംസത്തിന്റെ ആഡംബരഭക്ഷണവും അവര്‍ കഴിച്ചു.
ആള്‍ക്കഹോള്‍ അടങ്ങിയതും ഇല്ലാത്തതുമായ പാനീയങ്ങള്‍ക്കു വേണ്ടിയും ലക്ഷങ്ങള്‍ പൊടിച്ചു. പാനീയങ്ങളില്‍ നാല് പോണ് സ്റ്റാര്‍ മാര്‍ട്ടിനിസിന് 480 ദിര്‍ഹം (10,860 രൂപ), രണ്ട് കുപ്പി പെട്രസ് 2009ന് 1,98,000 ദിര്‍ഹം (44,79,818 രൂപ), ഒരു കുപ്പി പെട്രസ് 2011ന് 65,000 ദിര്‍ഹം (14,70,647 രൂപ), അഞ്ച് ഡബിള്‍ ഗ്ലാസ് ലൂയിസ് XIII കോഗ്നാക്കിന് 27,500 ദിര്‍ഹം (6,22,197 രൂപ) എന്നിങ്ങനെയാണ് വില കാണിക്കുന്നത്.
ബില്ല് കണ്ട നെറ്റിസണ്‍സ് ഞെട്ടല്‍ രേഖപ്പെടുത്തി. ചിലര്‍ പണം ഇങ്ങനെ ചെലവഴിക്കുന്നതിലുള്ള വെറുപ്പും പ്രകടിപ്പിച്ചു. ഏറ്റവും ഓവര്‍റേറ്റഡ്, ഓവര്‍പ്രൈസ്ഡ് റെസ്റ്റോറന്റ് എന്ന കമന്റിനെ പതിനായിരത്തിലധികം പേര് പിന്തുണച്ചു. ആ പണം കൊണ്ട് ബ്രോക്ക് ഒരു മാസത്തേക്ക് ഗാസാ മുനമ്പില്‍ ഭക്ഷണം കൊടുക്കാമായിരുന്നു എന്ന കമന്റിനും പിന്തുണ ലഭിച്ചു.
ബ്രെയിന്‍ഡെഡ് കണ്‍സ്യൂമറിസത്തിന്റെ പാരമ്യത എന്നതാണ് മറ്റൊരു കമെന്റ്, ലക്ഷങ്ങള്‍ പട്ടിണികിടക്കുമ്പോള്‍ പണം ധൂര്‍ത്തടിക്കുന്നതിനെയും ചിലര്‍ വിമര്‍ശിച്ചു. പണം നിങ്ങള്‍ക്ക് ആവശ്യത്തിലധികമുണ്ടെങ്കിലും ഈ ‘പട്ടി ഷോ’ യുടെ ആവശ്യമെന്തെന്ന് ചോദിക്കുന്നവരുമുണ്ട്.
90 ലക്ഷത്തിന്റെ ബില്ലിന് 20 ലക്ഷമാണ് ടിപ്പെങ്കിലും വെയിറ്റര്‍ക്ക് രണ്ടു ലക്ഷം മാത്രമേ ലഭിക്കാനിടയുള്ളൂവെന്നും അഭിപ്രായമുള്ളവരുണ്ട്. ഇത്രയും മോശം ഭക്ഷണത്തിന് ഇത്രയധികം തുക ചെലവഴിക്കാമോയെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ പകല്‍ക്കൊള്ള എന്നാണ് മറ്റൊരു കമന്റ്. പണം ധൂര്‍ത്തടിക്കുന്നതിനെ വിമര്‍ശിച്ചാണ് കൂടുതല്‍ പ്രതികരണങ്ങളും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല