1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2024

സ്വന്തം ലേഖകൻ: മനുഷ്യന്റെ തലച്ചോറില്‍ ആദ്യമായി ചിപ്പ് സ്ഥാപിച്ചതായും ദൗത്യം വിജയകരമാണെന്നും ന്യൂറാലിങ്ക് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്. മനുഷ്യ മസ്തിഷ്‌കവും കമ്പ്യൂട്ടറുമായി ആശയവിനിമയം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2016 ലാണ് ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് ന്യൂറാലിങ്ക് സ്ഥാപിച്ചത്. ബ്രെയിന്‍ ചിപ്പ് മനുഷ്യനില്‍ പരീക്ഷിക്കുന്നതിന് മുന്നോടിയായി നേരത്തേ കുരങ്ങുകളില്‍ പരീക്ഷിച്ചത് അമേരിക്കയില്‍ വലിയ വിവാദങ്ങളിലേക്കും നിയമ നടപടികളിലേക്കും നീങ്ങിയിരുന്നു.

അഞ്ച് നാണയങ്ങള്‍ ഘടിപ്പിച്ചു വെച്ചതുപോലുള്ള ലിങ്ക് എന്നറിയപ്പെടുന്ന ഉപകരണമാണ് ന്യൂറാലിങ്ക് വികസിപ്പിച്ച സാങ്കേതിക വിദ്യയുടെ പ്രധാന ഭാഗം. ഇത് തലച്ചോറിനകത്ത് സര്‍ജറിയിലൂടെ സ്ഥാപിക്കും. ഇതുവഴിയാണ് കമ്പ്യൂട്ടറുമായുള്ള ആശയവനിമയം സാധ്യമാകുന്നത്.

ബ്രെയിന്‍ ചിപ്പ് ഘടിപ്പിച്ചയാള്‍ സുഖം പ്രാപിച്ചു വരുന്നതായും പ്രാരംഭ ഫലങ്ങള്‍ ശുഭസൂചകമാണെന്നും ഇലോണ്‍ മസ്‌ക് അറിയിച്ചു. പാര്‍ക്കിന്‍സണും അല്‍ഷിമേഴ്സുമടക്കം ന്യൂറോ സംബന്ധമായ അസുഖങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്തുക എന്നതാണ് ന്യൂറാലിങ്കിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് ന്യൂറോടെക്നോളജിയില്‍ വിപ്ലകരമായ നേട്ടമായാണ് ന്യൂറാലിങ്കിന്റെ ഈ വിജയം വിലയിരുത്തപ്പെടുന്നത്.

ചിന്തിക്കുമ്പോള്‍ തന്നെ ഫോണോ കമ്പ്യൂട്ടറോ അതു നിയന്ത്രിക്കുന്ന മറ്റ് ഉപകരണങ്ങളോ ഒരാള്‍ക്ക് പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് മസ്‌ക് എക്സില്‍ കുറിച്ചു. അംഗഭംഗം വന്നവരായിരിക്കും തുടക്കത്തില്‍ ഈ സാങ്കേതിക വിദ്യയുടെ ഗുണഭോക്താക്കള്‍. സ്റ്റീഫന്‍ ഹോക്കിങ്ങിന് അതിവേഗതയുള്ള ഒരു ടൈപ്പിസ്റ്റിനേക്കാള്‍ വേഗത്തില്‍ ആശയവിനിമയം നടത്താന്‍ കഴിയുന്ന ഘട്ടത്തേക്കുറിച്ച് ചിന്തിച്ചു നോക്കുക, അതാണ് തങ്ങളുടെ ലക്ഷ്യമെന്നും മസ്‌ക് എക്സിലൂടെ അഭിപ്രായപ്പെട്ടു. ടെലിപ്പതി എന്നാലും ന്യൂറാലിങ്കിന്റെ ആദ്യത്തെ പ്രൊഡക്ടിന്റെ പേരെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തേ ഈ പരീക്ഷണം നടത്തിയ കുരങ്ങുകള്‍ പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളടക്കം ഗുരുതരമായ ശാരീരിക പ്രശ്നങ്ങള്‍ നേരിട്ടത് വലിയ വിവാദങ്ങളിലേക്ക് നയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ന്യൂറാലിങ്കിന് മനുഷ്യ മസ്തിഷ്‌കത്തില്‍ പരീക്ഷണം നടത്താനുള്ള അനുമതി ലഭിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.