സ്വന്തം ലേഖകൻ: ഹൈറിച്ച് നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന പ്രധാന പ്രതികളെ പിടികൂടാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് (എംഎല്‍എം) കമ്പനിയുടെ ഉടമ കെ.ഡി. പ്രതാപന്, ഭാര്യ ശ്രീന എന്നിവരെ പിടികൂടുന്നതിനാണ് ലുക്ക്ഔട്ട് നോട്ടീസ്.
കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ ഇരുവരും ഒളിവില്‍ പോയിരുന്നു. 100 കോടി രൂപ വിദേശത്തേക്ക് ഹവാലപ്പണമായി കടത്തിയെന്ന വിവരത്തില്‍ റെയ്ഡിനെത്തിയ ഇഡി സംഘത്തിന് മുന്നിലൂടെയാണ് പ്രതാപനും ഭാര്യയും ഡ്രൈവറും കടന്നു കളഞ്ഞത്.
അതിനിടെ, പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കും. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് ഇരുവരെയും പിടികൂടാനുള്ള ഊര്‍ജിത ശ്രമത്തിലാണ് അന്വേഷണ സംഘം.
2,300 കോടി രൂപയുടെ തട്ടിപ്പാണ് പ്രതികള്‍ നടത്തിയതെന്നും ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും ഇഡി കോടതിയില്‍ സത്യവാംഗ്മൂലം നല്‍കിയിരുന്നു. പ്രതികള്‍ക്കെതിരേ പല ജില്ലകളിലായി പോലീസ് രജിസ്റ്റര്‍ ചെയ്ത19 കേസുകളുടെ വിശദാംശങ്ങളും ഇഡി കോടതിയില്‍ ഹാജരാക്കിയിരുന്നു.
ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപിക്കുന്നതിനായി 850 കോടി രൂപ വിദേശത്തെത്തിച്ചതടക്കം ഗുരുതരസ്വഭാവമുള്ള കുറ്റകൃത്യങ്ങളാണ് പ്രതികള്‍ നടത്തിയതെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തല്‍. നേരത്തെ, ഹൈറിച്ച് ഉടമകളുടെ 212 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല