സ്വന്തം ലേഖകൻ: ലോകത്ത് അഴിമതി ഏറ്റവും കുറഞ്ഞരാജ്യമെന്ന നേട്ടം തുടര്‍ച്ചയായ ആറാം തവണയും നിലനിര്‍ത്തി ഡെന്മാര്‍ക്ക്. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ 2023-ലെ കറപ്ഷന്‍ പെഴ്‌സപ്ഷന്‍ ഇന്‍ഡക്‌സ്(സി.പി.ഐ) ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോക രാജ്യങ്ങളിലെ അഴിമതിയുടെ തോത് വെളിപ്പെടുത്തുന്ന പട്ടികയിലാണ് തുടര്‍ച്ചയായ ആറാം വര്‍ഷവും ഡെന്‍മാര്‍ക്ക് ഒന്നാമതെത്തിയത്. 90 പോയിന്റുകളാണ് രാജ്യം നേടിയത്.
പൊതുമേഖലയിലെ അഴിമതി കൈകാര്യം ചെയ്യുന്നതില്‍ രാജ്യങ്ങള്‍ പിന്നോട്ട് പോകുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സി.പി.ഐ ആഗോള ശരാശരി തുടര്‍ച്ചയായി പന്ത്രണ്ടാം വര്‍ഷവും 43-ല്‍ മാറ്റമില്ലാതെ തുടരുകയാണ്. ലോകരാജ്യങ്ങളില്‍ മൂന്നില്‍ രണ്ടും 50-ല്‍ താഴെ സ്‌കോറാണ് നേടിയിരിക്കുന്നത്.
കറപ്ഷന്‍ പെഴ്‌സപ്ഷന്‍ ഇന്‍ഡക്‌സില്‍ (സി.പി.ഐ) 180 ലോക രാജ്യങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ അഴിമതി വര്‍ധിക്കുന്നതായാണ് സൂചിക വ്യക്തമാക്കുന്നത്. 2022 ല്‍ 85ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2023 ല്‍ 93-ാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യയ്ക്ക് ഇത്തവണ 39 പോയിന്റുകളാണ് ലഭിച്ചത്. 2022 ല്‍ 40 പോയിന്റുകള്‍ ലഭിച്ചിരുന്നു.
87 പോയിന്റുകളുമായി ഫിന്‍ലാന്‍ഡ് രണ്ടാം സ്ഥാനത്തും 85 പോയിന്റുകളുമായി ന്യൂസിലാന്‍ഡ് മൂന്നാം സ്ഥാനത്തുമെത്തി. 84 സ്‌കോര്‍ ലഭിച്ച നോര്‍വേ, സിംഗപ്പുര്‍ (83), സ്വീഡന്‍ (82), സ്വിറ്റ്സര്‍ലന്‍ഡ് (82), നെതര്‍ലന്‍ഡ്സ് (79), ജര്‍മനി (78), ലക്സംബര്‍ഗ് (78) എന്നിവയാണ് 2023ലെ സൂചികയില്‍ അഴിമതി കുറഞ്ഞ മറ്റ് രാജ്യങ്ങള്‍. സോമാലിയിലാണ് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത്. 11 പോയിന്റുകളാണ് സോമാലിയക്കുള്ളത്. വെനസ്വേല (13), സിറിയ (13), ദക്ഷിണ സുഡാന്‍ (13), യെമന്‍ (16) എന്നീ രാജ്യങ്ങളും സൂചികയില്‍ ഏറ്റവും താഴെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല