1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2024

സ്വന്തം ലേഖകൻ: വമ്പന്‍ പ്രഖ്യാപനങ്ങളില്ലാതെ രണ്ടാംമോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. നികുതി നിരക്കുകളില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ച നിര്‍മലാ സീതാരാമന്‍ ജൂലായിയില്‍ സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കാന്‍ തങ്ങള്‍ക്കാകുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു. പത്ത് വര്‍ഷത്തെ പ്രകടനം മുന്‍നിര്‍ത്തി ജനങ്ങള്‍ വീണ്ടും മോദി സര്‍ക്കാരിനെ അനുഗ്രഹിക്കുമെന്ന് നിര്‍മലാ സീതാരമന്‍ വ്യക്തമാക്കുകയും ചെയ്തു. ഒരു മണിക്കൂറോളം നീണ്ട നിര്‍മലയുടെ ബജറ്റ് പ്രസംഗം മോദി സര്‍ക്കാര്‍ കഴിഞ്ഞ പത്ത് വര്‍ഷം ചെയ്ത കാര്യങ്ങള്‍ വിവരിക്കാനാണ് കൂടുതല്‍ സമയമെടുത്തത്‌.

കോവിഡ് ദുരിതത്തില്‍ നിന്നും കരകയറിയ രാജ്യം വികസിത രാഷ്ട്രത്തിലേക്കുള്ള കുതിപ്പിലേക്കാണെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു നിര്‍മല സീതാരാമന്റെ പ്രഖ്യാപനങ്ങള്‍. മികച്ച ജനപിന്തുണയോടെ ഈ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ തുടരുമെന്ന് വ്യക്തമാക്കിയായിരുന്നു 2047 ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം ധനമന്ത്രി പങ്കുവച്ചത്. പത്ത് വര്‍ഷത്തിനിടെ രാജ്യം നേടിയത് നിരവധി ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. ദരിദ്രര്‍, യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍ എന്നീ നാല് വിഭാഗങ്ങളിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവര്‍ക്ക് പുരോഗതി ഉണ്ടാകുമ്പോഴാണ് രാജ്യത്തിന് നേട്ടമുണ്ടാകുന്നതെന്നും ധനമന്ത്രി പറഞ്ഞു.

സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാര്‍ എന്ന പരാമര്‍ശത്തോടെ ആയിരുന്നു പദ്ധതികളും നേട്ടങ്ങളും പ്രഖ്യാപിച്ചത്. മുത്തലാഖ് നിയമവിരുദ്ധമാക്കി, വനിത സംവരണം നടപ്പിലാക്കി എന്നിവ ചൂണ്ടിക്കാട്ടിയ മന്ത്രി 30 കോടി സ്ത്രീകള്‍ക്ക് മുദ്ര ലോണ്‍ നല്‍കിയെന്നും അവകാശപ്പെട്ടു.

80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തൊഴില്‍ സാധ്യതകള്‍ കൂടി. ഗ്രാമീണ തലത്തില്‍ വികസന പദ്ധതികള്‍ എത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. 4 കോടി കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് നല്‍കാന്‍ കഴിഞ്ഞു. രാജ്യത്തെ ഒരുകോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കും. നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ സാധ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ആശ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും ഇനിമുതല്‍ ലഭിക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതി വഴി രണ്ട് കോടി വീടുകള്‍കൂടി നിര്‍മിക്കും. നിലവില്‍ മൂന്ന് കോടി വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായതായും ധനമന്ത്രി അറിയിച്ചു.

പുതിയ സംരംഭങ്ങൾക്കുള്ള വായ്പകൾ അനുവദിച്ചു. മുദ്രാ യോജനയിലൂടെയാണ് വായ്പകൾ സാധാരണക്കാർക്ക് ലഭ്യമാക്കിയത്. രാജ്യം വ്യവസായ മേഖലയിൽ വലിയ പുരോഗതി നേടി. വിദ്യാഭ്യാസ ഗുണനിലവാരം പിഎം ശ്രീ പദ്ധതിയിലൂടെ ഉയർത്തി. 1.4 കോടി യുവാക്കൾക്കാണ് സ്കിൽ ഇന്ത്യ മിഷനിലൂടെ പരിശീലനം നൽകിയത്. 7 ഐഐടികൾ, 16 ഐഐഐടികൾ, 7 ഐഐഎമ്മുകൾ, 15 എയിംസ്, 300ലേറെ സർവകലാശാലകൾ എന്നിവ ആരംഭിച്ചു. പുതിയ 3000 ഐടിഐകളാണ് സ്ഥാപിച്ചതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

അന്‍പതു കൊല്ലത്തേക്ക് പലിശരഹിതമായ ഒരുലക്ഷം കോടി രൂപയുടെ ഫണ്ട് സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ഈ ഫണ്ടില്‍നിന്ന് പലിശ ഇല്ലാതെയോ തീര്‍ത്തും കുറഞ്ഞ നിരക്കിലോ ദീര്‍ഘകാലവായ്പ ലഭ്യമാകും. ഇത് ഗവേഷണങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും സ്വകാര്യമേഖലയ്ക്ക് പ്രോത്സാഹനം നല്‍കും. യുവാക്കളുടെയും സാങ്കേതികവിദ്യയുടെയും കരുത്ത് കൂടിച്ചേരുന്ന പദ്ധതികള്‍ നമുക്ക് ആവശ്യമാണ്, മന്ത്രി പറഞ്ഞു.

പി.എം. കിസാന്‍ യോജനയിലൂടെ 11.8 കോടി കര്‍ഷകര്‍ക്ക് സാമ്പത്തികസഹായം നല്‍കി. ജനങ്ങളുടെ ശരാശരി വരുമാനം 50 ശതമാനത്തോളം വര്‍ധിച്ചു. സൗജന്യ റേഷനിലൂടെ ഭക്ഷണത്തെക്കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കിയെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. അതേസമയം ഇടക്കാല ബജറ്റില്‍ പുതിയ നികുതി നിര്‍ദേശങ്ങളില്ല. തീരുവകളില്‍ മാറ്റമില്ല. ആദായ നികുതി പരിധിയിലും ഒരു മാറ്റവും വരുത്താന്‍ ധനമന്ത്രി തയ്യാറായില്ല. പഴയ സ്‌കീമിലും പുതിയ സ്‌കീമിലും നിലവിലെ നികുതി സ്ലാബുകള്‍ തന്നെ തുടരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.