1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2024

സ്വന്തം ലേഖകൻ: അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. ശ്രേയസ് റെഡ്ഡി ബെനിഗെരി എന്ന 19 വയസുകാരനെയാണ് വ്യാഴാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയില്ലെന്നും കൂടുതല്‍ അന്വേഷണം ആരംഭിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒഹിയോയിലെ ലിന്‍ഡര്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ വിദ്യാര്‍ഥിയാണ് ശ്രേയസ്. യുഎസില്‍ ഈ വര്‍ഷംതന്നെ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ മരണമാണ് ശ്രേയസിന്റേത്.

മാതാപിതാക്കള്‍ ഹൈദരാബാദിലാണ് താമസമെങ്കിലും ശ്രേയസിന്റേത് അമേരിക്കന്‍ പാസ്‌പോര്‍ട്ടാണ്. അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മരണത്തില്‍ ദു:ഖം രേഖപ്പെടുത്തുകയും പഴുതടച്ച അന്വേഷണം ഉറപ്പുവരുത്തുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഒഹിയോയില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി ശ്രേയസ് റെഡ്ഡി ബെനിഗെരി മരണപ്പെട്ട സംഭവത്തില്‍ അഗാധമായ ദുഃഖമുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ സംഭവത്തില്‍ ദുരൂഹത കണ്ടെത്തിയിട്ടില്ല. കോണ്‍സുലേറ്റ് ശ്രേയസിന്റെ കുടുംബവുമായുള്ള ബന്ധം തുടരുകയാണ്. അവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കും,’ – ഇന്ത്യന്‍ കോണ്‍സുലേറ്റ് എക്‌സില്‍ കുറിച്ചു.

ജനുവരി 29 തിങ്കളാഴ്ച പര്‍ഡ്യൂ സര്‍വകലാശാലയിലെ നീല്‍ ആചാര്യ എന്ന വിദ്യാര്‍ഥിയേയും ഇത്തരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഞായറാഴ്ച മുതല്‍ നീലിനെ കാണാനില്ല എന്ന് അമ്മ സമൂഹമാധ്യമങ്ങളില്‍ വിവരം പങ്കുവെച്ചിരുന്നു. ശേഷം തിങ്കളാഴ്ചയോടെ കോളേജ് പരിസരത്തുനിന്നും നീലിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

ഹരിയാനയിലെ പഞ്ച്കുലാ സ്വദേശിയായ വിവേക് സൈനി (25) ജനുവരി 16-ന് ജോര്‍ജിയയിലെ ലിത്തോണിയയിലാണ് കൊല്ലപ്പെട്ടത്. എംബിഎക്ക് പഠിക്കാനായി ജോര്‍ജിയയിലെത്തിയ വിവേക് പാര്‍ട്ട് ടൈമായി ജോലി ചെയ്യുന്ന കടയ്ക്കുള്ളില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. തെരുവില്‍ ജീവിച്ചിരുന്ന ജൂലിയന്‍ ഫള്‍ക്‌നര്‍ എന്നയാളാണ് വിവേകിനെ ചുറ്റികകൊണ്ട് അടിച്ചുകൊലപ്പെടുത്തിയത്.

പറ്റുമ്പോഴൊക്കെ ഇയാള്‍ക്ക് വിവേക് ഭക്ഷണവും വെള്ളവും വസ്ത്രവും നല്‍കിയിരുന്നു. സംഭവദിവസം ഭക്ഷണം കൊടുക്കാന്‍ വിസമ്മതിച്ചതില്‍ കോപാകുലനായാണ് ജൂലിയന്‍ വിവേകിനെ കൊലപ്പെടുത്തിയത്.

ഇന്ത്യന്‍ വംശജനായ അകുല്‍ ധവാന്റേതാണ് ഈ വര്‍ഷം ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യത്തെ കേസ്. യുഐയുസിയിലെ വിദ്യാര്‍ഥിയായിരുന്ന അകുല്‍ (18) കടുത്ത തണുപ്പ് അതിജീവിക്കാനാവാതെയാണ് മരിച്ചത് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റി പരിസരത്ത് തന്നെയാണ് അകുലിനേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസിന്റെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് ആരോപിച്ച് അകുലിന്റെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.