സ്വന്തം ലേഖകൻ: യുഎഇയിലെ എമിറേറ്റ്സ് എയര്‍ലൈന്‍സ് ഇന്ത്യക്കാരായ യാത്രികര്‍ക്കായി പ്രീ-അപ്രൂവ്ഡ് വീസ ഓണ്‍ അറൈവല്‍ സൗകര്യം ആരംഭിച്ചു. എയര്‍ലൈനില്‍ ടിക്കറ്റ് ചെയ്യുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്കായി ഇന്ന് (ഫെബ്രുവരി ഒന്ന് ബുധന്‍) മുതല്‍ ഈ സംവിധാനം നിലവില്‍ വന്നതായി എമിറേറ്റ്‌സ് പത്രക്കുറിപ്പില്‍ അറിയിച്ചു.
ദുബായ് വീസ പ്രോസസ്സിങ് സെന്റര്‍ (ഡിവിപിസി) നടപടികള്‍ പൂര്‍ത്തീകരിച്ച് 14 ദിവസത്തെ സിംഗിള്‍ എന്‍ട്രി വീസയായി ഇഷ്യൂ ചെയ്തിരിക്കുന്ന ഈ പുതിയ സംരംഭം എമിറേറ്റ്സ് എയര്‍ലൈന്‍സ് ഉപഭോക്താക്കളെ ദുബായില്‍ എത്തുമ്പോള്‍ ക്യൂ ഒഴിവാക്കാന്‍ പ്രാപ്തരാക്കും. കസ്റ്റംസിലൂടെ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ കടന്നുപോകാന്‍ അനുവദിക്കുന്നതിലൂടെ നടപടിക്രമങ്ങള്‍ ലളിതമാവും.
എന്നാല്‍ ഈ സേവനം യുഎസ് വീസ, യുഎസ് ഗ്രീന്‍ കാര്‍ഡ്, യൂറോപ്യന്‍ യൂണിയന്‍ റെസിഡന്‍സി അല്ലെങ്കില്‍ യുകെ റെസിഡന്‍സി ഉള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വീസകള്‍ ആറ് മാസത്തേക്ക് സാധുതയുള്ളതായിരിക്കണം. പ്രീ-അപ്രൂവ്ഡ് വീസ ഓണ്‍ അറൈവല്‍ അനുവദിക്കുന്നതില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്സ് സമ്പൂര്‍ണ വിവേചനാധികാരമുണ്ടായിരിക്കും.
പ്രീ-അപ്രൂവ്ഡ് വീസ ഓണ്‍ അറൈവല്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വളരെ ലളിതമാണ്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ള ഉപഭോക്താക്കള്‍ എമിറേറ്റ്സ് വെബ്സൈറ്റ് വഴിയോ ഏതെങ്കിലും ട്രാവല്‍ ഏജന്റ് വഴിയോ ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യണം. ടിക്കറ്റെടുത്ത ശേഷം emirates.com എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് ‘ മാനേജ് ആന്‍ എക്‌സിസ്റ്റിങ് ബുക്കിങ്’ എന്ന ലിങ്ക് വഴി ഓപണ്‍ ചെയ്യണം. ഈ ലിങ്കില്‍ തങ്ങളുടെ ബുക്കിങ് വീണ്ടും തുറന്ന ശേഷം ഉപഭോക്താക്കള്‍ ‘അപ്ലൈ ഫോര്‍ എ യുഎഇ വീസ’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണം.
വീസ അപേക്ഷാ പ്രക്രിയ സുഗമമാക്കുന്നതിനുള്ള വിഎഫ്എസ് ഗ്ലോബല്‍ സര്‍വീസസ് നല്‍കുന്ന ഓണ്‍ലൈന്‍ യുഎഇ വീസ അപേക്ഷാ സൈറ്റിലേക്ക് അപേക്ഷകന്‍ റീഡയറക്ട് ചെയ്യപ്പെടുകയും ഇവിടെ വച്ച് നിബന്ധനകളും വ്യവസ്ഥകളും പൂര്‍ത്തിയാക്കി അംഗീകാരം നല്‍കുകയും ചെയ്യും.
ദുബായ് സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഓരോ വര്‍ഷവും കൂടിവരികയാണ്. നഗരത്തിന്റെ വൈവിധ്യമാര്‍ന്ന ആകര്‍ഷണങ്ങള്‍, താങ്ങാനാവുന്ന താമസസൗകര്യങ്ങള്‍ എന്നിവയ്ക്കു പുറമേ ധാരാളം ഇന്ത്യന്‍ പ്രവാസികള്‍ യുഎഇയില്‍ കഴിയുന്നുണ്ട് എന്നതും സന്ദര്‍ശകരുടെ വര്‍ധനവിന് കാരണമാണ്. 2023 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 20 ലക്ഷം ഇന്ത്യക്കാരാണ് സന്ദര്‍ശകരായി ഇവിടെയത്തിയത്.
എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഒമ്പത് ഇന്ത്യന്‍ ഡെസ്റ്റിനേഷനുകളിലേക്ക് ആഴ്ചയില്‍ 167 ഫ്‌ലൈറ്റുകള്‍ പറത്തുന്നു. ദുബായിലേക്കും 140-ലധികം ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്കും യാത്രക്കാരെ ബന്ധിപ്പിക്കുന്ന സര്‍വീസുകളാണിവ. ഇന്ത്യയിലെ എയര്‍ലൈനിന്റെ ശൃംഖലയില്‍ അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊച്ചി, കൊല്‍ക്കത്ത, മുംബൈ, തിരുവനന്തപുരം എന്നിവ ഉള്‍പ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല