സ്വന്തം ലേഖകൻ: മയക്കുവെടിവെച്ച് കര്‍ണാടക വനംവകുപ്പിന് കൈമാറിയ തണ്ണീര്‍ക്കൊമ്പന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മുഴയുണ്ടായിരുന്നു. അത് പഴുത്തു. ലിംഗത്തില്‍ മുറിവുണ്ടായിരുന്നു. ഞരമ്പില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞിരുന്നു. സമ്മര്‍ദത്തെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
കാലിലുണ്ടായ മുഴയ്ക്ക് പഴക്കമുണ്ട്. ശ്വാസകോശത്തില്‍ നീര്‍ക്കെട്ടുണ്ടായിരുന്നെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളിയാഴ്ച മാനന്തവാടിയില്‍ മയക്കുവെടിവെച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പനെ കര്‍ണാടക വനംവകുപ്പിന് കൈമാറിയ ശേഷമാണ് ശനിയാഴ്ച പുലര്‍ച്ചയോടെ ചരിഞ്ഞത്. രണ്ടാഴ്ച മുമ്പ് കര്‍ണാടകയിലെ ഹാസനില്‍നിന്ന് പിടികൂടി ബന്ദിപ്പുര്‍ വനത്തില്‍ തുറന്നുവിട്ട കാട്ടാനായിരുന്നു ഇത്. 20 ദിവസത്തെ ഇടവേളയ്ക്കിടെ രണ്ടുതവണയാണ് മയക്കുവെടിവെച്ച് പിടികൂടിയത്.
തണ്ണീര്‍ കൊമ്പൻ ചരിയാനുണ്ടായ കാരണം വ്യക്തമല്ല. തണ്ണീര്‍ കൊമ്പൻ ചരിഞ്ഞതായി കര്‍ണാടക പ്രിന്‍സിപ്പില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററാണ് സ്ഥിരീകരിച്ചത്. ആനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. 20 ദിവസത്തിനിടെ ആന രണ്ടു തവണ മയക്കുവെടി ദൗത്യത്തിന് വിധേയമായിരുന്നു. ആനയക്ക് മറ്റെന്തെങ്കിലും പരിക്കുകളുണ്ടായിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
വെള്ളിയാഴ്ച രാത്രിയോടെയാണ് മാനന്തവാടി ടൗണിനെ ഒരു പകൽ വിറപ്പിച്ച തണ്ണീർക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം വിജയിച്ചത്. മയക്കുവെടി വച്ച് മണിക്കൂറുകൾക്കുള്ളിൽ തണ്ണീർക്കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ എലിഫന്റ് ആംബുലൻസിൽ കയറ്റി. ആനയുടെ കാലിൽ വടംകെട്ടിയ ശേഷം കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിന്റെ അടുത്തേക്ക് എത്തിക്കുകയായിരുന്നു. തുടർന്നാണ് എലിഫന്റ് ആംബുലൻസിൽ കയറ്റിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല