സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സില്‍ (സൗദിയ) കൂടുതല്‍ തൊഴിലുകള്‍ സ്വദേശികള്‍ക്ക് മാത്രമാക്കുന്നു. സൗദിയ ഗ്രൂപ്പില്‍ പൈലറ്റ് തസ്തികകള്‍ പൂര്‍ണമായും സൗദിവത്കരിക്കാനാണ് നീക്കം.
സൗദിയ ഗ്രൂപ്പിനു കീഴിലെ കോ-പൈലറ്റ് തസ്തികകള്‍ നേരത്തേ തന്നെ പൂര്‍ണമായും സൗദിവത്കരിച്ചിരുന്നു. പൈലറ്റ് തസ്തികകളും ഇതേ രൂപത്തില്‍ പൂര്‍ണമായും സ്വദേശിവത്കരിക്കാനാണ് ആലോചിക്കുന്നതെന്ന് സൗദിയ ഗ്രൂപ്പ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ജനറലും ഗ്രൂപ്പ് വക്താവുമായ എന്‍ജിനീയര്‍ അബ്ദുല്ല അല്‍ശഹ്റാനി പറഞ്ഞു.
വ്യോമയാന മേഖലയിലെ ഉയര്‍ന്ന ജോലികള്‍ സൗദികള്‍ക്ക് ലഭ്യമാക്കാനാണ് ഈ രംഗത്ത് കമ്പനി സ്വദേശിവത്കരണം കൊണ്ടുവരുന്നത്. പൈലറ്റുമാര്‍ക്കു പുറമേ ക്യാബിന്‍ ജീവനക്കാര്‍, മെയിന്റനന്‍സ് ടെക്നീഷ്യന്മാര്‍, കാര്‍ഗോ, ലോജിസ്റ്റിക്സ് സേവന മേഖലാ വിദഗ്ധര്‍ എന്നിയുള്‍പ്പെടെയുള്ള തസ്തികകളില്‍ പരമാവധി സ്വദേശികളെ നിയമിക്കും.
വരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്വദേശികള്‍ക്ക് പതിനായിരത്തിലേറെ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനാണ് സൗദിയ ഗൂപ്പ് ഉദ്ദേശിക്കുന്നത്. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിനുള്ള നയത്തിന് കഴിഞ്ഞ വര്‍ഷം രൂപം നല്‍കുകയും ചെയ്തിരുന്നു. വ്യോമയാന സേവനങ്ങള്‍, കാര്‍ഗോ, ലോജിസ്റ്റിക്സ് സേവനങ്ങള്‍, മെയിന്റനന്‍സ്, വ്യോമയാന പരിശീലനം എന്നിവ അടക്കമുള്ള മേഖലകളില്‍ എല്ലാ അനുബന്ധ കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയെന്നതാണ് നയം.
സൗദിയ ഗ്രൂപ്പിനു കീഴിലെ മെയിന്റനന്‍സ് വില്ലേജില്‍ സൗദിയക്കു പുറമേ മറ്റു കമ്പനികളുടെ വിമാനങ്ങള്‍ക്കും സാങ്കേതിക സേവനങ്ങള്‍ നല്‍കും. ഇത് ടെക്നീഷ്യന്മാര്‍ക്കുള്ള ആവശ്യം വലിയ തോതില്‍ വര്‍ധിപ്പിക്കുന്നു. നിലവില്‍ സൗദിയ ഗ്രൂപ്പിനു കീഴിലെ മെയിന്റനന്‍സ് വില്ലേജില്‍ 4,000 ഓളം സാങ്കേതിക വിദഗ്ധരാണുള്ളത്. പൂര്‍ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഇവിടെ 12,000 ജീവനക്കാരുണ്ടാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല