സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും കൂടുതല്‍ ട്രാഫിക് ബ്ലോക്കുള്ള നഗരങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ട് നഗരങ്ങള്‍ ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. ബെംഗളൂരുവും പൂനെയുമാണ് ഈ രണ്ട് നഗരങ്ങള്‍. നെതലന്ഡ്സ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജിയോലൊക്കേഷന്‍ ടെക്നോളജി കമ്പനിയായ ടോംടോം എന്ന സ്ഥാപനം തയ്യാറാക്കിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2023-ല്‍ ഏറ്റവും കൂടുതല്‍ ട്രാഫിക് ബ്ലോക്കുണ്ടായ നഗരങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്.
ലണ്ടനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 55 രാജ്യങ്ങളിലെ 387 നഗരങ്ങള്‍ നിരീക്ഷിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ലണ്ടന്‍ നഗരത്തിലെ ശരാശരി ഡ്രൈവിങ് സ്പീഡ് 14 കിലോമീറ്റര്‍ ആണെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. 60 കോടി കാറുകളുടെ നാവിഗേഷന്‍ സിസ്റ്റങ്ങളില്‍ നിന്നും സ്മാര്‍ട്ട്ഫോണുകളില്‍ നിന്നുമാണ് വിവരങ്ങള്‍ ശേഖരിച്ചത്.
ലണ്ടനില്‍ പത്തു കിലോമീറ്റര്‍ താണ്ടാന്‍ എടുക്കുന്ന സമയം 37 മിനിറ്റാണ്. രണ്ടാം സ്ഥാനത്തുള്ള അയര്‍ലന്‍ഡിന്റെ തലസ്ഥാനം ഡബ്ലിനില്‍ പത്തു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 29 മിനിറ്റ് 30 സെക്കന്റ് എടുക്കും. ആറാം സ്ഥാനത്തുള്ള ബെംഗളൂരുവില്‍ ഇത് 28 മിനിറ്റ് 30 സെക്കന്റാണ്. ഏഴാം സ്ഥാനത്തുള്ള പൂനെയില്‍ 27 മിനിറ്റ് 50 സെക്കന്റാണ്.
ബെംഗളൂരുവില്‍ 2023-ല്‍ ഏറ്റവും വലിയ ട്രാഫിക് ബ്ലോക്ക് രൂപപ്പെട്ടത് സെപ്റ്റംബര്‍ 27-ന് ആണെന്നും അന്നേദിവസം പത്തു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 32 മിനിറ്റ് എടുത്തെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സെപ്റ്റംബര്‍ എട്ടിനാണ് പൂനെയില്‍ ഏറ്റവും വലിയ ട്രാഫിക് രൂപ്പെട്ടത്. അന്ന് 34 മിനിറ്റാണ് പത്തു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ വാഹനങ്ങള്‍ എടുത്ത സമയം. 82 നഗരങ്ങള്‍ ശരാശരി വേഗതയില്‍ മാറ്റമില്ലാതെ തുടരുന്നു. 77 നഗരങ്ങളില്‍ ഉയര്‍ന്ന ശരാശരി വേഗതയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല