1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2024

സ്വന്തം ലേഖകൻ: പാക്കിസ്താന്‍ ചാരസംഘടനയ്ക്ക് ഇന്ത്യന്‍ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കിയ എംബസി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഉത്തര്‍ പ്രദേശ് സ്വദേശി സതേന്ദ്ര സിവാല്‍ ആണ് പിടിയിലായത്. മോസ്‌കോയിലെ ഇന്ത്യന്‍ എംബസി ജീവനക്കാരനാണ് ഇയാള്‍. ഉത്തര്‍ പ്രദേശ് ഭീകരവാദ വിരുദ്ധ സ്‌ക്വാഡാണ് സതേന്ദ്രയെ മീററ്റില്‍നിന്ന് അറസ്റ്റ് ചെയ്തത്. വിദേശകാര്യ വകുപ്പില്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (എം.ടി.എസ്.) ആയിരുന്നു സതേന്ദ്ര.

വിദേശകാര്യ വകുപ്പ് ജീവനക്കാരില്‍നിന്ന് പാക് ചാരസംഘടനയായ ഐ.എസ്.ഐ. വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് എ.ടി.എസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇന്ത്യന്‍ പട്ടാളവുമായുള്ള വിവരത്തിന് പകരം പണമാണ് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നത്. ഹാപുരിലെ ഷാ മൊഹിയുദ്ദീന്‍പുര്‍ ഗ്രാമവാസിയാണ് സതേന്ദ്ര. ചാരപ്രവര്‍ത്തന ശൃംഖലയിലെ നിര്‍ണായക കണ്ണിയാണ് ഇയാള്‍.

മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയിലെ തന്റെ സ്ഥാനം ഉപയോഗിച്ച് രഹസ്യരേഖകള്‍ സതേന്ദ്ര ചോര്‍ത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പണത്തോടുള്ള അത്യാര്‍ത്തിയാണ് പ്രതിരോധ മന്ത്രാലം, വിദേശകാര്യമന്ത്രാലയം, ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിൽനിന്നുള്ള രഹസ്യവിവരങ്ങള്‍ ഐ.എസ്.ഐയ്ക്ക് കൈമാറുന്നതിലേക്ക് ഇയാളെ നയിച്ചത്.

ചോദ്യം ചെയ്യലിന് മീററ്റിലെ എ.ടി.എസ്. ഓഫീസിലേക്ക് ഇയാളെ വിളിപ്പിക്കുകയായിരുന്നു. ചോദ്യംചെയ്യലില്‍ ഇയാള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കുറ്റം സമ്മതിക്കുകയായിരുന്നു. മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയില്‍ 2021 മുതല്‍ ഇന്ത്യ ബേസ്ഡ് സെക്യൂരിറ്റി അസിസ്റ്റന്റ് (ഐ.ബി.എസ്.എ.) ആയി ജോലി ചെയ്തുവരികയായിരുന്നു സതേന്ദ്ര.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.