സ്വന്തം ലേഖകൻ: യെമനിലെ ഹൂതികേന്ദ്രങ്ങള്‍ക്കു നേരെ അമേരിക്കയുടേയും ബ്രിട്ടന്റെയും സംയുക്ത വ്യോമാക്രമണം. ശനിയാഴ്ച, 13 സ്ഥലങ്ങളിലെ 36 ഹൂതി കേന്ദ്രങ്ങള്‍ക്കു നേരെയാണ് യുഎസും ബ്രിട്ടനും ആക്രമണം നടത്തിയത്. ചെങ്കടലിലെ കപ്പല്‍നീക്കത്തിനു നേരെ ഹൂതികള്‍ തുടര്‍ച്ചയായ ആക്രമണം നടത്തുന്നുണ്ട്. ഇതിന് മറുപടി എന്ന നിലയ്ക്കാണ് അമേരിക്കയുടെയും ബ്രിട്ടന്റെയും സൈനികനടപടി.
ജനുവരി 28-ന് ജോര്‍ദാനിലെ യുഎസ്. സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് അമേരിക്ക തിരിച്ചടി നല്‍കിയിരുന്നു. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങള്‍ ആക്രമിച്ചായിരുന്നു യുഎസ്. മറുപടി. ഇതിന് തൊട്ടുപിന്നാലെയാണ് യെമനിലെ ഹൂതികേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണം എന്നതും ശ്രദ്ധേയമാണ്.
ആഗോള വ്യാപാരത്തെയും നിരപരാധികളായ നാവികരുടെ ജീവനെയും അപകടത്തിലാക്കാനുള്ള ഹൂതികളുടെ ശേഷി തകര്‍ക്കലാണ് ആക്രമണത്തിലൂടെ ലക്ഷ്യമാക്കിയതെന്ന് ആക്രമണത്തിന് പിന്നാലെ പുറത്തുവിട്ട പ്രസ്താവനയില്‍ യുഎസും ബ്രിട്ടനും വ്യക്തമാക്കി. ഹൂതികളുടെ ആയുധ സംഭരണ കേന്ദ്രങ്ങള്‍, മിസൈല്‍ സംവിധാനങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തുടങ്ങിയവയ്ക്ക് നേരെയാണ് യുഎസ്.-ബ്രിട്ടന്‍ ആക്രമണം നടന്നത്.
ചെങ്കടലിലെ കപ്പലുകളെ ആക്രമിക്കാന്‍ സജ്ജമായി നിന്ന ആറ് ഹൂതി കപ്പലുകള്‍ക്ക് നേരെ ശനിയാഴ്ച, യുഎസ്. ആക്രമണം നടത്തിയിരുന്നു. നവംബര്‍ മാസം മുതലാണ് ഹൂതികള്‍ ചെങ്കടലിലെ കപ്പലുകളെ ഉന്നംവെച്ചു തുടങ്ങിയത്. ഗാസയിലെ പലസ്തീനികളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകളെയാണ് തങ്ങള്‍ ആക്രമിക്കുന്നത് എന്നാണ് ഇവരുടെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല